മലയാളികള്‍ തിരിച്ച് വരവ് ആഗ്രഹിക്കുന്ന ചുരുക്കം ചില നടിമാരില്‍ രണ്ടുപേരാണ് സംയുക്ത വര്‍മയും മന്യയും. തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ മുന്‍നിര നായികമാരായിരുന്നവര്‍. ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടിയാണ്. വണ്‍മാന്‍ ഷോ എന്ന ജയറാം ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് സ്ക്രീന്‍ സ്പേസ് പങ്കിടുകയും ചെയ്തിട്ടുണ്ട്. വിവാഹശേഷം രണ്ട് നായികമാരും സിനിമയോട് ഗുഡ് ബൈ പറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ സംയുക്തയുടെ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി മന്യ. ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവെച്ചിരിക്കുന്നത്. മന്യയുമായുള്ള സൗഹൃദത്തെ കുറിച്ചും മന്യയുടെ കുടുംബവുമായുള്ള ബന്ധത്തെ കുറിച്ചുമെല്ലാം സംയുക്ത വീഡിയോയില്‍ വാചാലയാകുന്നുണ്ട്.
മന്യയെ കുറിച്ച് വാചാലയായി സംയുക്ത വര്‍മ - സംയുക്ത വര്‍മ ഇന്‍സ്റ്റഗ്രാം
മന്യയുമായുള്ള സൗഹൃദത്തെ കുറിച്ച് സംയുക്ത വര്‍മ വിവരിക്കുന്ന വീഡിയോ മന്യയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്
'മന്‍' എന്നാണ് സംയുക്ത മന്യയെ വിളിക്കുന്നത്. ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കൂട്ടുകാരിയായതിനാലാണ് ഇങ്ങനെ വിളിക്കുന്നതെന്ന് സംയുക്ത വീഡിയോയില്‍ പറയുന്നുണ്ട്. ദുബായിയില്‍ ഷോ ചെയ്യുന്ന സമയം ഒരു മാസത്തോളം ഒന്നിച്ച് താമസിച്ച നിമിഷങ്ങളെ കുറിച്ചും നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മന്യ എന്നും സംയുക്ത വീഡിയോയില്‍ പറയുന്നുണ്ട്. എല്ലാ ബന്ധങ്ങള്‍ക്കും നല്ല വില കല്‍പ്പിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് തന്‍റെ കുടുംബത്തോടും മന്യ അത് പുലര്‍ത്തിയിട്ടുണ്ടെന്നും താരം പറയുന്നു. മന്യയെ കുറിച്ച് സംയുക്ത സംസാരിക്കുന്ന വീഡിയോ ഇരുവരുടെയും ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. ബോക്സ് ഓഫീസ് വിജയങ്ങള്‍ കൊയ്ത നിരവധി നല്ല ചിത്രങ്ങളില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയായിരുന്നു മന്യ. ഇരുവരുടെയും തിരിച്ച് വരവ് പ്രതീക്ഷിക്കുന്നുവെന്നാണ് സംയുക്തയുടെ വീഡിയോയ്ക്ക് താഴെ ഇരുവരുടെയും ആരാധകര്‍ കുറിച്ചത്.