എല്ലാ പ്രതിസന്ധികളെയും മറികടന്ന് പാര്‍വതി തിരുവോത്ത് നായികയായ വര്‍ത്തമാനം സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. നേരത്തെ സിനിമയ്‌ക്ക് സെന്‍സറിങ് ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ശേഷം അണിയറപ്രവര്‍ത്തകര്‍ നടത്തിയ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. സിനിമയ്‌ക്ക് എതിരെ നേരത്തെ സെന്‍സര്‍ബോര്‍ഡിലെ ഒരു അംഗം നടത്തിയ പ്രസ്താവനയില്‍ മറുപടി നല്‍കിയിരിക്കുകയാണ് നടി പാര്‍വതി. പ്രസ്താവന ഇറക്കിയതിന് പിന്നില്‍ ഭയപ്പെടുത്താനുള്ള ലക്ഷ്യമാണെന്നും കലാകാരന്‍മാരെ ഭയപ്പെടുത്തി ഇഷ്ടമുള്ള രാഷ്ട്രീയം പറയിപ്പിക്കുക എന്നത് എല്ലാ കാലത്തെയും രാഷ്ട്രീയ തന്ത്രമാണെന്നും പാര്‍വതി പറഞ്ഞു. സിനിമ ദേശവിരുദ്ധമാണോ എന്നത് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ജെഎന്‍യു സമരം അടക്കമുള്ള കാര്യങ്ങളാണ് സിനിമയുടെ പ്രമേയം. ഒരു മാധ്യമത്തിന് അഭിമുഖം നല്‍കി സംസാരിക്കുകയായിരുന്നു പാര്‍വതി.
ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും നടി പാര്‍വതി പറഞ്ഞു. ഇപ്പോഴത്തെ കാര്‍ഷിക നിയമം മാറ്റണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും പാര്‍വതി പറഞ്ഞു. ബോളിവുഡിലെ താരങ്ങള്‍ ഒരു ഗുണവും നന്മയുമില്ലാത്ത പ്രവര്‍ത്തികളാണ് ട്വിറ്ററിലൂടെ ചെയ്യുന്നതെന്നും അതിനെ വേണം നമ്മള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കാനെന്നും പാര്‍വതി പറഞ്ഞു. താരങ്ങള്‍ മാത്രമല്ല എഴുത്തുകാരും സംവിധായകരും തുടങ്ങി എല്ലാവരും കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കണമെന്നും എല്ലാവരുടെയും ശബ്ദം പുറത്തുവരണമെന്നും പാര്‍വതി കൂട്ടിചേര്‍ത്തു.