താരപുത്രി കല്യാണി പ്രിയദര്‍ശന്‍ ചുരുങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നായികയാണ്. തെലുങ്ക്, തമിഴ്, മലയാളം സിനിമകളില്‍ താരം സാന്നിധ്യവും അറിയിച്ച് കഴിഞ്ഞു.
അഭിനയത്തിലും നൃത്തതിലും മാത്രമല്ല പോസ്റ്റര്‍ ഡിസൈനിങിലും കല്യാണി പുലിയാണെന്ന് കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത 'മായ'യെന്ന് തമിഴ് ഹ്രസ്വ ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ കണ്ട ആരാധകര്‍ കുറിക്കുന്നു.
'മായ'യിലെ കല്യാണി സാന്നിധ്യം
നിന്നിലാ നിന്നിലാ എന്ന തെലുങ്ക് ചിത്രത്തിലൂടെ ആരാധകരെ സമ്പാദിച്ച സംവിധായകന്‍ അനി ഐ.വി ശശിയാണ് മായയെന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. അശോക് സെല്‍വന്‍, പ്രിയ ആനന്ദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത ഹ്രസ്വചിത്രത്തിനായി പോസ്റ്ററുകളും ടൈറ്റിലും ഡിസൈന്‍ ചെയ്‌തത് കല്യാണി പ്രിയദര്‍ശനായിരുന്നു. താരത്തിന്‍റെ പോസ്റ്റര്‍ ഡിസൈനിങ് കഴിവിനെ പ്രശംസിക്കുകയാണിപ്പോള്‍ സോഷ്യല്‍മീഡിയ. ഒരു കൊമേഴ്‌സ്യല്‍ സിനിമക്കായുള്ള കഥക്കായി ത്രഡ് കണ്ടെത്താന്‍ ശ്രമിക്കുന്ന എഴുത്തുകാരന്‍റെ കഥയാണ് രസകരമായി മായ എന്ന ഹ്രസ്വചിത്രം പറയുന്നത്.
Also read:ഒരു തിരക്കഥ പിറവിയെടുക്കുന്നതെങ്ങനെ, കാണാം അനി.ഐ.വി.ശശിയുടെ 'മായ'
2017ല്‍ ചിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഷോര്‍ട്ട് ഫിക്ഷനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ചിത്രമാണ് 'മായ'. ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും കൊവിഡ് ദുരിതാശ്വാസത്തിനാണ് ഉപയോഗിക്കുക. ഇനി പുറത്തിറങ്ങാനുള്ള കല്യാണി പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹമാണ്.