പ്രണയ ദിനത്തില്‍ മനോഹരമായ കുറിപ്പുകളിലൂടെയും ചിത്രങ്ങളിലൂടെയും പങ്കാളിക്ക് ആശംസകളും സ്നേഹവും പങ്കുവെച്ച് നടി ഭാവനയും നടന് കുഞ്ചാക്കോ ബോബനും ഗായിക അഭയ ഹിരണ്മയിയും. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു താരങ്ങളുടെ 'വാലന്റൈന്‍സ് ഡേ' ആഘോഷം.
മലയാളികളുടെ പ്രിയ നടി ഭാവന ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് നിര്‍മാതാവ് നവീനെ വിവാഹം കഴിച്ചത്. ജീവിതത്തിലെ സന്തോഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ഭാവന പ്രണയ ദിനത്തില്‍ ഭര്‍ത്താവ് നവീന്‍ എഴുതിയ കുറിപ്പ് വൈറലാണ്. '2011ല്‍ നാം ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ നീയാകും എന്റെ പ്രണയമെന്ന് ഞാന്‍ കരുതിയതേ ഇല്ല. ഒരു പ്രൊഡ്യൂസറും നടിയും തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധത്തിന് അപ്പുറം നല്ല സുഹൃത്തുക്കളാകാന്‍ നമുക്ക് അധികം സമയം വേണ്ടി വന്നില്ല. നല്ല പ്രണയങ്ങള്‍ ഏറ്റവും നല്ല സൗഹൃദങ്ങളില്‍ നിന്നാണ് തുടങ്ങുന്നതെന്ന് പറയുന്നത് പോലെ... നമ്മുടെ പ്രണയത്തിന് ഒമ്പത് വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുന്നു. വേര്‍പിരിയാന്‍ കാരണമായേക്കാവുന്ന എല്ലാ സാഹചര്യങ്ങളിലൂടെയും നാം കടന്നുപോയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ശക്തമായി അതെല്ലാം പ്രതിരോധിച്ചിട്ടുമുണ്ട്. എല്ലാ പ്രതിസന്ധികള്‍ക്കുമെതിരെ നമ്മള് പോരാടും. നീയായി തന്നെ തുടരുന്നതിന് നന്ദി. അനന്തമായി ഞാന്‍ നിന്നെ പ്രണയിച്ചുകൊണ്ടേ ഇരിക്കുന്നു' ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ആരാധകര്‍ക്ക് വാലന്റൈന്‍സ് ഡേ ആശംസകളും ഒപ്പം തനിക്ക് ലഭിച്ച സമ്മാനവും പങ്കുവച്ചാണ് പ്രണയദിനത്തില്‍ നടന് കുഞ്ചാക്കോ ബോബന് എത്തിയത്. ഭാര്യ തനിക്ക് നല്കിയ ഏറ്റവും മനോഹരമായ വാലന്റൈന്‍സ് ഡേ സമ്മാനമെന്നാണ് കുഞ്ചാക്കോ ബോബന് തന്റെ മകന് ഇസഹാക്കിനെ എടുത്ത് നില്ക്കുന്ന ചിത്രത്തെ വിശേഷിപ്പിച്ചത്. 'ഭാര്യ നല്കിയ മനോഹരമായ വാലന്റൈന്‍സ് ഡേ സമ്മാനം... എല്ലാവര്ക്കും സന്തോഷം നിറഞ്ഞ വാലന്റൈന്‍സ് ഡേ ആശംസകള്‍... പ്രണയം നിറയട്ടെ...' കുഞ്ചാക്കോ ബോബന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും മകന് ഇസഹാഖ് പിറന്നത്. മകന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി ഇരുവരും പങ്കുവക്കാറുണ്ട്.
ഗോപി സുന്ദറിന് പ്രണയ ദിനാശംസകള്‍ നേര്‍ന്ന് ഗായിക അഭയ ഹിരണ്മയിയും എത്തിയിരുന്നു. ഇരുവരും ഒരുമിച്ച് നില്ക്കുന്ന ചിതം പങ്കുവച്ചുകൊണ്ടാണ് ഗായിക ആശംസകള്‍ നേര്‍ന്നത്. 'പത്ത് വര്‍ഷത്തെ നീണ്ട യാത്രക്ക്.... എല്ലാ വ്യവസ്ഥകളേയും മറികടന്നുകൊണ്ട് നമ്മള് നടത്തിയ യാത്ര.... നമ്മള് സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലേക്കും.... കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വര്‍ഷങ്ങളിലേക്ക്.... പ്രണയദിനാശംസകള്‍' തങ്ങളുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് അഭയ കുറിച്ചു.
മൂവരുടെയും പ്രണയദിനത്തിലെ കുറിപ്പുകള്‍ക്ക് നിരവധി ആരാധകരാണ് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.