കൊവിഡ് പ്രതിരോധ നടപടികൾ അറിയിക്കാൻ ട്രോളുകളുമായി സോഷ്യൽ മീഡിയ സജീവമാണ്. എന്നാൽ, ആഗോളമാരിക്കെതിരെ പോരാടാൻ സമുദായവും പാർട്ടിയുമൊന്നും നോക്കാതെ രാജ്യം ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോൾ പ്രചരിക്കുന്ന പരിഹാസരൂപേണയുള്ള ട്രോളുകൾ ഒഴിവാക്കണമെന്ന് അഭ്യർഥിക്കുകയാണ് മലയാളത്തിന്‍റെ പ്രിയനടനും ദേശീയ അവാർഡ് ജേതാവുമായ സലീം കുമാർ. പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂവിനെ കളിയാക്കി നിരവധി ട്രോളുകൾ പ്രചരിച്ചു. സമൂഹമാധ്യമങ്ങളിലെത്തിയ ഇതിലെ പല ട്രോളുകൾക്കും തന്‍റെ മുഖമായിരുന്നെന്നും അത് ഒഴിവാക്കണമെന്നുമാണ് താരം അറിയിക്കുന്നത്. കൊവിഡിനെ കുറിച്ച് ഉയരുന്ന ട്രോളുകളുടെ നീളം നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ രോഗം ബാധിക്കുന്ന വരെയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കർഫ്യൂവുമായി ബന്ധപ്പെട്ട ട്രോളുകളിൽ തനിക്ക് യാതൊരു ബന്ധമില്ലെങ്കിൽപോലും തന്‍റെ മുഖം വന്നതിൽ പശ്ചാത്താപമുണ്ടെണ്ടന്നും സലീം കുമാർ വിശദീകരിച്ചു.
ട്രോളുകളിലെ ചിരിയുടെ നീളം രോഗം പിടിപെടുന്നത് വരെ: സലീം കുമാർ - covid 19
കൊവിഡിനെ കുറിച്ച് ഉയരുന്ന സമൂഹമാധ്യമങ്ങളിലെ പല ട്രോളുകൾക്കും തന്‍റെ മുഖമായിരുന്നെന്നും അത് ഒഴിവാക്കണമെന്നും സലീം കുമാർ അഭ്യർഥിച്ചു.
സലീം കുമാർ
വൈറസിന്‍റെ വ്യാപനം തടയാനുള്ള ഫലപ്രദമായ നടപടിയാണ് ജനതാ കർഫ്യൂവെന്നും അവിടെ ജാതിയും മതവും രാഷ്ട്രീയവുമില്ലാതെ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനുവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരും ആരോഗ്യവകുപ്പും ശാസ്ത്രലോകവും നൽകുന്ന ചെറുതിരിവെട്ടത്തിലൂടെ കൊവിഡ് തീർത്ത അന്ധകാരം മറികടക്കണം. കക്ഷിരാഷ്ട്രീയത്തിന്‍റെ കണ്ണടകൾ നമുക്ക് ഊരി വയ്ക്കാം. അതു ധരിക്കാൻ ഇനിയും സമയമുണ്ടെന്ന് കൂട്ടിച്ചേർത്തുകൊണ്ടാണ് സലീം കുമാർ ട്രോളുകൾക്കെതിരെ പ്രതികരിച്ചിരിക്കുന്നത്.