പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ നിവിന്‍ പോളിക്ക് ആശംസകള്‍ അറിയിച്ച് ബര്‍ത്ത് ഡേ സ്പെഷ്യല്‍ പോസ്റ്റുകളും വീഡിയോകളും ഇറക്കിയിരിക്കുകയാണ് താരത്തിന്‍റെ വരാനിരിക്കുന്ന സിനിമകളായ പടവെട്ടിന്‍റെയും തുറമുഖത്തിന്‍റെയും അണിയറപ്രവര്‍ത്തകര്‍. പടവെട്ട് സംവിധാനം ചെയ്യുന്നത് ലിജു കൃഷ്ണയാണ്. ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സ്പെഷ്യല്‍ പോസ്റ്ററും സിനിമയുടെ ലൊക്കേഷന്‍ വീഡിയോയുമാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. അരുവി ഫെയിം അദിതി ബാലനാണ് പടവെട്ടിലെ നായിക. തമിഴ് ചിത്രം അരുവിയിലൂടെ അമ്പരപ്പിച്ച അതിഥിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് പടവെട്ട്. ലൊക്കേഷനിലെ പല രസകരമായ സംഭവങ്ങളും കോർത്തിണക്കിയുള്ള ഒരു വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സണ്ണി വെയ്‌നാണ് പടവെട്ട് നിര്‍മിക്കുന്നത്.
നിവിന്‍ പോളിക്ക് പിറന്നാള്‍ ആശംസകളുമായി പടവെട്ട്, തുറമുഖം, ബിസ്‌മി സ്പെഷ്യല്‍ ടീം - ബിസ്‌മി സ്പെഷ്യല്‍ സിനിമ
പടവെട്ട് സംവിധാനം ചെയ്യുന്നത് ലിജു കൃഷ്ണയാണ്. രാജീവ് രവി ചിത്രമാണ് തുറമുഖം. നവാഗതനായ രാജേഷ് രവിയാണ് ബിസ്‌മി സ്പെഷ്യല്‍ സംവിധാനം ചെയ്യുന്നത്.
മട്ടാഞ്ചേരി തുറമുഖത്തെ തൊഴിലാളികളുടെ ജീവിതത്തെ ആസ്‌പദമാക്കി സംവിധായകന്‍ രാജീവ് രവി ഒരുക്കുന്ന നിവിന്‍ പോളി ചിത്രം തുറമുഖത്തിന്‍റെയും ബര്‍ത്ത് ഡേ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. കെ.എം ചിദംബരം എഴുതിയ തുറമുഖം എന്ന നാടകത്തെ ആസ്‌പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇയ്യോബിന്‍റെ പുസ്തകത്തിന്‍റെ തിരക്കഥാകൃത്തും കെ.എം ചിദംബരത്തിന്‍റെ മകനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. നിമിഷ സജയന്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങി വന്‍ താരനിരയാണ് ഈ പിരീഡ് ഡ്രാമയില്‍ അണിനിരക്കുന്നത്. 2016 ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മണികണ്ഠന്‍ ആചാരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച് 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും തൊഴിലാളി പ്രതിരോധങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
കൂടാതെ നവാഗതനായ രാജേഷ് രവി സംവിധാനം ചെയ്യുന്ന പുതിയ നിവിന്‍ പോളി ചിത്രം ബിസ്‌മി സ്പെഷ്യലും നിവിന്‍ പോളിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക. രാജേഷ് രവിക്കൊപ്പം രാഹുല്‍ രമേശ്, സനു മജീദ് എന്നിവരും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം സനു വര്‍ഗീസ്. സംഗീതം സുഷിന്‍ ശ്യാം. വീക്കെന്‍സ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്‍റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്.