കൊവിഡ് 19 രാജ്യത്ത് പടര്‍ന്ന് തുടങ്ങിയപ്പോള്‍ മുതല്‍ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നമ്മുടെ സുരക്ഷക്കായി പണിയെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയും, പൊലീസ് സേനയെയും ഒരിക്കലും മറക്കരുതെന്ന് ഓര്‍മിപ്പിക്കുകയാണ് പ്രിയനടന്‍ മോഹന്‍ലാല്‍. അവരും നമ്മെ പോലെ മനുഷ്യരാണെന്നും അവര്‍ക്കും ഒരു കുടുംബമുണ്ടെന്നും അവര്‍ക്കൂടി സുരക്ഷിതരായാലേ നമ്മുടെ ഭരണാധികാരികള്‍ ഏറ്റെടുത്ത മഹാദൈത്യം പൂര്‍ണമാകുവെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നു. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും അദ്ദേഹം പോസ്റ്റിലൂടെ പ്രശംസിക്കുന്നുണ്ട്.
അവര്‍ നമുക്കായി സര്‍വവും ത്യജിച്ചവര്‍, അവരെ മറക്കരുത്: മോഹന്‍ലാല്‍
നമ്മുടെ സുരക്ഷക്കായി പണിയെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയും, പൊലീസ് സേനയെയും ഒരിക്കലും മറക്കരുതെന്ന് ഓര്‍മിപ്പിക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രിയനടന്‍ മോഹന്‍ലാല്‍
'മനുഷ്യര്‍ വീടുകളില്‍ ഒതുങ്ങുമ്പോള്‍ പട്ടിണിയിലാവുന്ന വളര്‍ത്തുമൃഗങ്ങളെ, തെരുവുകളില്‍ മനുഷ്യര്‍ ഇല്ലാതാവുമ്പോള്‍ വിശന്നുവലയുന്ന തെരുവുനായ്ക്കളെ, ശാസ്താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോള്‍ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ... ആരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളില്‍ ഒരു മുഖ്യമന്ത്രി ഓര്‍ത്തെടുത്ത് കരുതലോടെ ചേര്‍ത്ത് നിര്‍ത്തുന്നത്... നമ്മള്‍ ഭാഗ്യവാന്മാരാണ്... മഹാരാജ്യത്തിന്‍റെ സര്‍വസന്നാഹങ്ങളും കൊണ്ട് സകല മനുഷ്യര്‍ക്കും രക്ഷാകവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്ക് കീഴില്‍... ഇങ്ങനെയൊരു മുഖ്യമന്ത്രിക്ക് കീഴില്‍ നമ്മള്‍ സുരക്ഷിതരാണ്. പക്ഷേ, നമ്മുടെ സുരക്ഷക്ക് നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പൊലീസ് സേനയെ... ആരോഗ്യ പ്രവര്‍ത്തകരെ ചിലപ്പോഴെങ്കിലും നമ്മള്‍ മറന്നുപോകുന്നു... അരുത്.. അവരും നമ്മെ പോലെ മനുഷ്യരാണ്. അവര്‍ക്കും ഒരു കുടുംബമുണ്ട്. അവര്‍ കൂടി സുരക്ഷിതരാകുമ്പോഴെ നമ്മുടെ ഭരണാധികരികള്‍ ഏറ്റെടുത്ത ഈ മഹാദൗത്യം പൂര്‍ണമാവൂ. ഈ യുദ്ധം നമുക്ക് ജയിച്ചെ പറ്റൂ... വിവേകത്തോടെ, ജാഗ്രതയോടെ, പ്രാര്‍ത്ഥനയോടെ വീടുകളില്‍ തന്നെ ഇരിക്കൂ.. എല്ലാ ദുരിതങ്ങളും അകന്ന പുതിയ പുലരി കാണാന്‍ ജനാലകള്‍ തുറന്നിടു....' ഇതായിരുന്നു മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.