സ്വന്തം പരിമിതികളെ ഏറ്റവും വലിയ കഴിവാക്കി മാറ്റിയ നടനാരെന്ന് ചോദിച്ചാല്‍ അത് മോഹൻലാലാണെന്ന് പറയേണ്ടി വരും. പരിമിതികളൊന്നുമില്ലാത്ത നടനെന്നുള്ള സത്യത്തിലേക്ക് മോഹൻലാൽ നടന്ന് കയറിയത് പല വിശ്വാസങ്ങളെയും മുൻധാരണകളെയും തല്ലി തകർത്ത് കൊണ്ട് തന്നെയാണ്. സ്വന്തം ശരീരവും ശബ്ദവും വലിയ പരിമിതിയാണ് അയാള്‍ക്ക് എന്ന് സിനിമയിൽ വന്ന കാലം പലരും വിധിയെഴുതി. പിന്നീട് ഒരു കാലത്ത് അത് വരെ സ്വന്തമായിരുന്ന ശബ്ദം പോലും അയാൾക്ക് നഷ്ടമായി. ഗൗരവമേറിയ ശബ്ദം ആവശ്യപ്പെടുന്ന കഥാപാത്രങ്ങളും സംഭാഷണങ്ങളും അയാൾക്ക് വഴങ്ങില്ലെന്ന് പലരും കരുതി. പക്ഷേ ഇന്ന് മലയാള സിനിമയിലെ ആണത്തം നിറഞ്ഞ കഥാപാത്രങ്ങളും എണ്ണം പറഞ്ഞ മാസ്സ് ഡയലോഗുകളും മോഹൻലാലിന്‍റെ കയ്യിലുള്ളതിന്‍റെ ഏഴയലത്ത് മറ്റൊരു നടനുമില്ല.... നർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്.... മൈ ഫോൺ നമ്പർ ഈസ് 225... സവാരി ഗിരി ഗിരി.. മോനെ ദിനേശാ... അങ്ങനെ എന്തെല്ലാം....
അഭിനയം എന്ന 'ഒഴുക്ക്' മാത്രം - lalettan birthday
പരിമിതികളൊന്നുമില്ലാത്ത നടനെന്നുള്ള സത്യത്തിലേക്ക് മോഹൻലാൽ എന്ന അഭിനയപ്രതിഭ നടന്ന് കയറിയത് പല വിശ്വാസങ്ങളെയും മുൻധാരണകളെയും തല്ലി തകർത്തുകൊണ്ടാണ്.
ലോകം മുഴുവനുള്ള മലയാളികൾക്ക് പ്രിയപ്പെട്ട ശബ്ദവും അയാൾക്ക് സ്വന്തം. അയാളിലെ പരുക്കനായ മാസ് കഥാപാത്രങ്ങൾ കാലങ്ങൾ അതിജീവിച്ച് നിൽക്കുന്നു. സാഗർ ഏലിയാസ് ജാക്കി, മംഗലശ്ശേരി നീലകണ്ഠന്‍, ആട് തോമ, കണിമംഗലം ജഗന്നാഥന്‍ എന്നിങ്ങനെ ഇന്ന് സ്റ്റീഫൻ നെടുമ്പള്ളിയിൽ വരെ എത്തി നിൽക്കുന്നു. ഇടക്കാലത്ത് തൊണ്ടയിലെ അസുഖം കാരണമുള്ള ഓപ്പറേഷൻ അയാൾക്ക് നഷ്ടമാക്കിയത് അത് വരെ മലയാളികളിൽ അത്രമേൽ പതിഞ്ഞ ശബ്ദമാണ്. ചികിത്സക്ക് ശേഷം 'പ്രിന്‍സ്' സിനിമയിലൂടെ വീണ്ടും മോഹന്‍ലാല്‍ സംഭാഷണങ്ങള്‍ കേട്ടവര്‍ ശബ്ദം രസിക്കാതെ നെറ്റിചുളിച്ച് തീയേറ്റര്‍ വിട്ടു. എന്നാല്‍ അയാള്‍ തളര്‍ന്നില്ല... നെറ്റിചുളിച്ചവര്‍ക്ക് ചന്ദ്രലേഖയിലൂടെയും, ആറാം തമ്പുരാനിലൂടെയും അയാള്‍ മറുപടി നല്‍കി. പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷം നരസിംഹം പോലൊരു സിനിമ സംഭഷണങ്ങളുടെ തീവ്രതയിൽ ചരിത്രം സൃഷ്ടിച്ചതും അതേ ശബ്ദത്തില്‍ അഭിനയിച്ച് ദേശീയ അവാർഡ് ഉൾപ്പടെ നേടുകയും ചെയ്തു. അങ്ങനെ വീണ്ടുമയാൾ പരിമിതിയെ മാറി കടന്ന് ചരിത്രം സൃഷ്ടിച്ചു.
മോഹൻലാലിലെ പരിമിതിയായി ചിലര്‍ പറഞ്ഞത് വടിവില്ലാത്ത അയാളുടെ ശരീരരത്തെയായിരുന്നു. ഒരു പക്ഷേ വിമർശകർ ഇപ്പോഴും അത് വെച്ചയാളെ കളിയാക്കുന്നത് മറ്റ് കാരണങ്ങൾ കിട്ടാനില്ലാത്തത് കൊണ്ടാകാം. എന്നാൽ തോളിലെ ആ ചരിവ് ഒരു ട്രേഡ് മാർക്കായി അയാൾ മാറ്റി. വിജയ് മുതൽ പൃത്വിരാജ് വരെ അത് അനുകരിക്കുന്നത് നാം സിനിമയില്‍ കണ്ടു. മെയ്‍വഴക്കം വേണ്ട കഥകളിയും ഭാരതനാട്യവുമുൾപ്പടെ ചെയ്ത് പുരസ്‍കാരങ്ങൾ വാരികൂട്ടിയും ജനമനസുകളെ കീഴ്പെടുത്തിയും അയാള്‍ മുന്നേറി. കളരിയും ശാരീരിക അഭ്യാസങ്ങളും പലതവണയയാൾ സ്ക്രീനില്‍ കാണിച്ച് വീണ്ടും ആരാധകരെ കൂട്ടി. മലയാളികളുടെ പൗരുഷത്തിന്‍റെ നേർരൂപമായ മുണ്ടും പിരിച്ചുവെച്ച മീശയും മോഹൻലാലിനോളം ചേർന്നൊരു മലയാള നടനില്ല എന്നത് ഒരു സത്യമായ കാര്യമായയാൾ മാറ്റി. ചരിത്ര-പുരാണ കഥാപാത്രങ്ങൾ എവിടെ എന്ന് ചോദിച്ചവരെ കൊണ്ട് ഇന്ത്യ കണ്ട ഏറ്റവും മികച്ച പണ്ഡിതരുടെ മുന്നിൽ ലൈവായി അയാൾ സംസ്കൃതഭാഷയിൽ കർണനായി. ഗാനരംഗങ്ങളിലും പ്രണയരംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും ഏറ്റവും മികച്ചത് അയാളിൽ നിന്ന് തന്നെയാണ് മലയാളിക്ക് കിട്ടിയത്. ഇന്ന് അയാള്‍ക്ക് പരിമിതികളില്ല.സ്വഭാവിക അഭിനയത്തില്‍ അയാളെ വെല്ലാന്‍ മറ്റൊരാളില്ല എന്നുതന്നെ പറയേണ്ടിവരും.ഫാസിൽ ഒരിക്കൽ പറഞ്ഞത് പോലെ അയാളിൽ ഒന്നും മനപൂർവമായി സംഭവിക്കുന്നതല്ല. എല്ലാം വന്ന് ചേരുന്നതാണ്.