നാല്‍പ്പത്തിനാലം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ കുഞ്ചാക്കോ ബോബന് പിറന്നാള്‍ സമ്മാനമായി താരത്തിന്‍റെ രണ്ട് പുതിയ സിനിമകളുടെ പോസ്റ്ററുകള്‍ പുറത്തിറങ്ങി. നിഴല്‍, മോഹന്‍കുമാര്‍ ഫാന്‍സ് എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്.
ചാക്കോച്ചന് പിറന്നാള്‍ സമ്മാനമായി പുതിയ സിനിമകളുടെ പോസ്റ്ററുകളെത്തി
എഡിറ്റര്‍ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. നയന്‍താരയാണ് ചിത്രത്തില്‍ ചാക്കോച്ചന്‍റെ നായിക. മോഹന്‍കുമാര്‍ ഫാന്‍സ് ജിസ് ജോയിയാണ് സംവിധാനം ചെയ്യുന്നത്
എഡിറ്റര്‍ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ചിലപ്പോള്‍ സ്വന്തം നിഴലിനെ വരെ നിങ്ങള്‍ ഭയപ്പെടേണ്ടി വരും എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. ജോണ്‍ ബേബി എന്നാണ് കുഞ്ചാക്കോ ബോബന്‍റെ കഥാപാത്രത്തിന്‍റെ പേര്. മാസ്‌ക് അണിഞ്ഞാണ് പോസ്റ്ററില്‍ ചാക്കോച്ചനുള്ളത്. ചിത്രത്തില്‍ നയന്‍താരയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ആദ്യമായാണ് കുഞ്ചാക്കോ ബോബനും നയന്‍താരയും ഒരു സിനിമക്കായി ഒന്നിച്ചെത്തുന്നത്. എറണാകുളമാണ് ചിത്രത്തിന്‍റെ ലൊക്കേഷന്‍. നയന്‍താരയും ഷൂട്ടിങിനായി എറണാകുളത്ത് എത്തിയിട്ടുണ്ട്. ലാല്‍, സുധീഷ്, ഡോ. റോണി, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് എസ്.സഞ്ജീവാണ്. സൂരജ്.എസ്.കുറുപ്പാണ് സംഗീതസംവിധാനം നിര്‍വഹിക്കുക. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെയ് ലോഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
ജിസ് ജോയ് സംവിധാനം ചെയ്യുന്ന മോഹന്‍കുമാര്‍ ഫാന്‍സാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു കുഞ്ചാക്കോ ബോബന്‍ ചിത്രം. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്കും പുറത്തിറങ്ങിയിട്ടുണ്ട്. സ്യൂട്ട് ധരിച്ച് ചുള്ളന്‍പയ്യനായി നായികയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന ചാക്കോച്ചനാണ് പോസ്റ്ററിലുള്ളത്. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് ഒരുക്കുന്ന സിനിമ കൂടിയാണിത്. ബോബി-സഞ്ജയ് ടീമിന്‍റെതാണ് തിരക്കഥ. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പുതുമുഖം അനാര്‍ക്കലി നാസറാണ് നായിക.