93-ാമത് ഓസ്കർ നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ച ദി ഫാദർ ഇന്ത്യയിൽ റിലീസിനൊരുങ്ങുന്നു. ആന്‍റണി ഹോപ്കിൻസ്, ഒലീവിയ കോൾമാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഈ മാസം 23ന് ഇന്ത്യയിലെ തിയേറ്ററുകളിലെത്തും.
ഓസ്കർ നോമിനേഷനിൽ തിളങ്ങിയ 'ദി ഫാദർ' ഇന്ത്യയിൽ റിലീസിനെത്തുന്നു
ഈ മാസം 23ന് ദി ഫാദർ ഇന്ത്യയിലെ തിയേറ്ററുകളിലെത്തും. ഡിമെൻഷ്യ എന്ന രോഗാവസ്ഥയും പ്രായാധിക്യത്തെ തുടർന്നുള്ള മറവി രോഗവുമാണ് സിനിമയുടെ പ്രമേയം.
മികച്ച നടൻ, മികച്ച ചിത്രം, മികച്ച സഹനടി, മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലേ എന്നിങ്ങനെ ആറ് നോമിനേഷനുകളോടെയാണ് ദി ഫാദർ ഈ മാസം 25ന് നടക്കുന്ന അക്കാദമി അവാർഡിൽ മത്സരിക്കുന്നത്. കൂടാതെ, ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിലേക്കും ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫ്ലോറിയൻ സെല്ലർ സംവിധാനം ചെയ്ത ചിത്രം 2020 ജനുവരിയിൽ യുഎസിലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം പ്രദർശനത്തിനെത്തിയത്.
പ്രായാധിക്യത്തെ തുടർന്നുണ്ടാകുന്ന മറവിരോഗമാണ് സിനിമയുടെ പ്രമേയം. ഡിമെൻഷ്യ എന്ന രോഗാവസ്ഥയെ അവതരിപ്പിക്കുന്ന ദി ഫാദറിലെ ഹോപ്കിൻസിന്‍റെയും ഒലീവിയ കോൾമാന്‍റെയും പ്രകടനം നിരൂപകപ്രശംസ നേടുകയും ചെയ്തു. ഫ്രഞ്ച്- ബ്രിട്ടീഷ് നിർമാണത്തിലൊരുങ്ങിയ ചിത്രത്തിന്‍റെ ഇന്ത്യൻ റിലീസിന് ശേഷം ജൂൺ 11ന് യുകെയിലും ദി ഫാദർ പ്രദർശപ്പിക്കും.