പുതിയ സിനിമകളുടെ നിർമാണം ഉടൻ ആരംഭിക്കരുതെന്ന നിർമാതാക്കളുടെ തീരുമാനത്തിനെതിരെ സ്വന്തം സിനിമയുടെ ചിത്രീകരണത്തിന്‍റെ പ്രഖ്യാപനം നടത്തി സംവിധായകൻ ആഷിക് അബു. ഉണ്ട ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ഹർഷദ് സംവിധാനം ചെയ്യുന്ന 'ഹാഗറിന്‍റെ' നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുകയാണെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണമെന്നും ആഷിക് അബു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
'ഹാഗർ' ചിത്രീകരണം ഉടൻ, റിലീസ് ഞങ്ങൾ തീരുമാനിക്കും; പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിക് അബു
ഷറഫുദ്ദീനും റിമ കല്ലിങ്കലും ഒന്നിച്ചഭിനയിക്കുന്ന ഹാഗറിന്‍റെ ചിത്രീകരണം ജുലായ് അഞ്ചിന് ആരംഭിക്കും.
"പ്രതിസന്ധികൾക്കും പരിമിതികൾക്കും ഉള്ളിൽ നിന്നുകൊണ്ട്, മാസങ്ങളായി നിലച്ചിരുന്ന സിനിമ നിർമാണം ഞങ്ങൾ പുനഃനാരംഭിക്കാൻ ശ്രമിക്കുകയാണ്. മമ്മൂട്ടി -ഖാലിദ് റഹ്മാൻ ചിത്രം 'ഉണ്ട' എഴുതിയ ഹർഷദ് സംവിധാനം ചെയ്യുന്ന "ഹാഗർ " കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജൂലായ് അഞ്ചിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും." ചിത്രത്തിന്‍റെ റിലീസിനെ കുറിച്ച് നിർണയിക്കുന്നത് നിർമാണ കമ്പനിയാണെന്നും അതിൽ മറ്റാർക്കും അവകാശമില്ലെന്നും അദ്ദേഹം കുറിപ്പിലൂടെ അറിയിച്ചു. "ഈ ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കാനുള്ള അവകാശം നിർമാണ കമ്പനിയിൽ നിക്ഷിപ്തമാണ്. അത് വേറെ ആരേയും ഏല്പിച്ചിട്ടില്ല. സ്നേഹപൂർവ്വം, ഒപിഎം സിനിമാസിന് വേണ്ടി ആഷിഖ് അബു," തന്‍റെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ പോസ്റ്റർ ഉൾപ്പെടുത്തി ആഷിക് അബു കൂട്ടിച്ചേർത്തു.
മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കുകയാണെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നതോടെ നിർമാതാക്കളുടെ സംഘടന എതിർപ്പുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആഷിക് അബു, ഷറഫുദ്ദീനും റിമ കല്ലിങ്കലും ഒന്നിച്ചഭിനയിക്കുന്ന ഹാഗറിന്‍റെ ചിത്രീകരണത്തെ കുറിച്ച് അറിയിച്ചത്.