ആഷിഖ് അബുവിന്‍റെ 'വാരിയംകുന്നന്‍' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി സഹസംവിധായകന്‍ മുഹ്‌സിന്‍ പരാരി. ഭിന്നതകളുടെ സൗഹൃദത്തിലൂടെ സംഘപരിവാറിന്‍റെ വംശീയ ശുദ്ധീകരണ അജണ്ടയെ എതിരിടാം എന്ന് മുഹ്‌സിന്‍ പരാരി ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി. താനും ആഷിഖും അത്തരമൊരു മുദ്രാവാക്യത്തില്‍ വിശ്വസിക്കുന്ന ആളുകളാണെന്നും ഇത്തരത്തിലുള്ള ഭിന്നാഭിപ്രായങ്ങൾ സർഗാത്മകമായി വിനിയോഗിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭിന്നതകളുടെ സൗഹൃദമാണ് എന്‍റെയും ആഷിക്കിന്‍റെയും മുദ്രാവാക്യം: 'വാരിയംകുന്നന്‍' സഹസംവിധായകൻ - Vaariyamkunnan co- director Muhsin Parari
താനും ആഷിഖ് അബുവും ഭിന്നതകളുടെ സൗഹൃദത്തിൽ വിശ്വസിക്കുന്നുവെന്നും ഇത്തരത്തിലുള്ള ഭിന്നാഭിപ്രായങ്ങൾ സർഗാത്മകമായി വിനിയോഗിക്കാമെന്നും സഹസംവിധായകന്‍ മുഹ്‌സിന്‍ പരാരി പറയുന്നു
"ഭിന്നാഭിപ്രായമുള്ള ഒരു സുഹൃത്ത് നിങ്ങൾക്കില്ലെങ്കിൽ നിങ്ങളൊരു മോശം മനുഷ്യനാണ്. എതിരുകൾ തമ്മിൽ കലാപത്തിലേർപ്പെടുന്നതിനേക്കാൾ മനോഹരം അവ തമ്മിലുള്ള സർഗാത്മകമായ കൊടുക്കൽ വാങ്ങലുകളാണ്. സംഘ്പരിവാറിന്‍റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാൻ 'ഭിന്നതകളുടെ സൗഹൃദം' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഞാനും ആഷിഖും ആ മുദ്രാവാക്യത്തിൽ യോജിപ്പുള്ള സുഹൃത്തുക്കളാണ് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഒട്ടും തലകുനിക്കാതെ ഇനിയും സൗന്ദര്യാത്മകമായ ഇടപാടുകളിലൂടെ ഒരു മികച്ച ലോകത്തെ ലക്ഷ്യം വച്ച് ഒന്നിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് തന്നെ ആഗ്രഹിക്കുന്നു. പ്രതിലോമപരമായ ആശയങ്ങളും വിദ്വേഷപ്രചാരണവും മാത്രം ഉൽപാദിപ്പിക്കുന്ന ഘട്ടത്തിൽ സൗഹൃദങ്ങളെ തേങ്ങയെന്ന് വിളിച്ച് ഉപേക്ഷിക്കണം എന്ന മറ്റൊരു സുഹൃത്തിന്‍റെ ആഹ്വാനവും ഇതിനോടൊപ്പം ചേർത്ത് വക്കുന്നു," മുഹ്‌സിന്‍ പരാരി ഫേസ്‌ബുക്കിലൂടെ കുറിച്ചു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതചിത്രമായി ഒരുക്കുന്ന വാരിയം കുന്നന്‍റെ തിരക്കഥയിൽ നിന്നും റമീസ് മുഹമ്മദ് പിന്മാറിയിരുന്നു. റമീസിന്‍റെ സ്‌ത്രീ വിരുദ്ധമായ നിലപാടിനെ കുറിച്ച് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് തിരക്കഥയിൽ നിന്നും മാറിയത്. തിരക്കഥാകൃത്ത് റമീസിന്‍റെ രാഷ്‌ട്രീയ നിലപാടുകളോട് യോജിക്കുന്നില്ലെന്നും ഫേസ്‌ബുക്കിലൂടെ ആഷിഖ് അബു അറിയിച്ചിരുന്നു.