മെലഡിയും ഗസലും ഭജൻ ഗാനങ്ങളും മാന്ത്രികശബ്ദത്തിലൂടെ ഹൃദയത്തിനുള്ളിലേക്ക് ഒഴുകിയെത്തുന്ന അനുഭൂതി. പ്രണയം വശ്യസൗന്ദര്യത്തോടെ ഊർന്നിറങ്ങും ഹൃദയസഖിയും ഓ ദിൽറുബയും ശ്രവിക്കുന്ന അനുവാചകനിലേക്ക്. ഗസലിൽ തുടങ്ങി ഇൻഡിപോപ്പിലൂടെ ഇന്ത്യൻ സിനിമയിൽ പടർന്നുകയറുകയായിരുന്നു ഹരിഹരന്‍റെ സംഗീതം. യുഗ്മഗീതങ്ങളും വിരഹവും വേദനയുമെല്ലാം ഹരിഹരന്‍റെ സ്വരമാധുരിയിലൂടെ അന്തരീക്ഷവുമായി ലയിക്കുന്നതായി തോന്നും. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഭോജ്പൂരി, ബംഗാളി ഭാഷകളെല്ലാം ആ മാന്ത്രികസംഗീതത്തിന്‍റെ ആസ്വാദതലമറിഞ്ഞവരാണ്. ഇന്ത്യൻ സംഗീതം ആഘോഷമാക്കിയ മെലഡി കിംഗിന് ഇന്ന് 66-ാം പിറന്നാൾ.
1955 ഏപ്രില്‍ മൂന്നിന് തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള പുത്തന്‍ തെരുവ് ബ്രാഹ്മണത്തെരുവിൽ പ്രശസ്ത കർണാടക സംഗീതജ്ഞരായ ശ്രീ അനന്തസുബ്രമണിയുടെയും ശ്രീമതി അലമേലുവിന്‍റെയും മകനായി ജനിച്ചു. കർണാടക സംഗീതത്തിന്‍റെ ആദ്യ പാഠ്യങ്ങൾ അഭ്യസിച്ചത് അമ്മയിൽ നിന്നായിരുന്നു. പിന്നീട്, അച്ഛന്‍റെ ഉദ്യോഗാർഥം ബോംബെയിലേക്ക് താമസം മാറി.
മെഹ്ദി ഹസ്സന്‍റെ ഗസലുകളോട് കൂട്ടുകൂടിയ ഹരിഹരൻ അദ്ദേഹത്തെ മനസിൽ ഗുരുവായി ആദരിച്ചു. ഗസലിനോടുള്ള പ്രിയം ഹിന്ദുസ്ഥാനി സംഗീതത്തിലേക്കും ഹരിഹരനെ ആകൃഷ്ടനാക്കി. അങ്ങനെ ഉസ്താദ് ഗുലാം മുസ്തഫ ഖാനിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. ഗസലിന് ഉർദു ഭാഷയും സ്വായത്തമാക്കി. പില്‍ക്കാലത്ത് ഹരിഹരന്‍റെ പാട്ടുകേട്ട് ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസ്സന്‍ അഭിനന്ദിച്ചത് അദ്ദേഹം ഇന്നും ഒരു ജന്മ സാഫല്യമായി സൂക്ഷിക്കുന്നു.
സിനിമയലേക്ക് ഹരിഹരന്‍റെ ശബ്ദം കടന്നുചെന്നപ്പോൾ പാട്ടിന്‍റെ എല്ലാ ശാഖകളിലും അയാൾ വിസ്മയം സൃഷ്‌ടിച്ചു. 1978ൽ പുറത്തിറങ്ങിയ ഗമൻ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു പിന്നണി ഗായകനായുള്ള ഹരിഹരന്‍റെ തുടക്കം. അജീബ് സാനേ ഹെ മുജ് പർ ഖരാർ എന്ന ഗാനം സംഗീതപ്രേമികളിലേക്കും ഉത്തർപ്രദേശ് സംസ്ഥാന സർക്കാരിന്‍റെ അംഗീകാരത്തിലേക്കും ഹരിഹരനെ കൊണ്ടെത്തിച്ചു.