തിരുവനന്തപുരം: മികച്ച ചിത്രത്തിനുള്ള 2020ലെ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം ജിയോ ബേബി സംവിധാനം ചെയ്‌ത 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നേടി. 'എന്നിവർ ' എന്ന ചിത്രത്തിന്‍റെ സംവിധാനത്തിലൂടെ സിദ്ധാർത്ഥ ശിവ മികച്ച സംവിധായകനായി. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് ബിജു മേനോനും പൃഥ്വിരാജുമാണ്. സച്ചി അവസാനമായി സംവിധാനം ചെയ്‌ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ജ്വാലാമുഖി എന്ന ചിത്രത്തിലൂടെ സുരഭി ലക്ഷ്‌മിയും, വെളളം, ആണും പെണ്ണും, വുൾഫ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംയുക്ത മേനോനും മികച്ച നടിമാരായി.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ തിരക്കഥയ്‌ക്ക്, അന്തരിച്ച സംവിധായകൻ സച്ചി മികച്ച തിരക്കഥാകൃത്തിന്‍റെ പുരസ്‌കാരത്തിനും അർഹനായി.
ജൂറി ചെയർമാനും കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ പ്രസിഡന്‍റുമായ ഡോ. ജോർജ്ജ് ഓണക്കൂർ ആണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കഴിഞ്ഞാൽ അതേ മാതൃകയിൽ ചിത്രങ്ങൾ ക്ഷണിച്ച് നിർണയിക്കുന്ന സംസ്ഥാനത്തെ എക പുരസ്‌കാരമാണിത്. സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്രരത്നം പുരസ്‌കാരം ഇതിഹാസ സംവിധായകൻ കെ.ജി ജോർജ്ജിന് സമ്മാനിക്കും. ചലച്ചിത്രരംഗത്ത് 40 വർഷം പൂർത്തിയാക്കുന്ന സംവിധായകൻ കെ ഹരികുമാറിന് റൂബി ജൂബിലി അവാർഡ് നൽകും.
സൂഫിയും സുജാതയും എന്ന ചിത്രത്തിന് പാട്ടൊരുക്കിയ എം ജയചന്ദ്രൻ ആണ് മികച്ച സംഗീത സംവിധായകൻ. രണ്ടാം നാൾ എന്ന ചിത്രത്തിന് പാട്ടൊരുക്കിയ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മികച്ച ഗാനരചയിതാവായി. മികച്ച ഗായകനുള്ള പുരസ്‌കാരം പെർഫ്യൂ എന്ന ചിത്രത്തിൽ 'ശരിയേത് തെറ്റേത്' ഗാനം ആലപിച്ച പി.കെ സുനിൽകുമാർ നേടി. പെർഫ്യൂമിലെ 'നീലവാനം താലമേന്തി' എന്ന ഗാനം പാടിയ കെ.എസ് ചിത്ര മികച്ച ഗായികയായി.
മൊത്തം 34 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്. കൊവിഡ് ഭീഷണിയുടെ കാലം കഴിഞ്ഞ് ഉചിതമായ രീതിയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് ജോർജ് ഓണക്കൂർ അറിയിച്ചു.
മറ്റു പുരസ്‌കാരങ്ങള്‍
മികച്ച രണ്ടാമത്തെ ചിത്രം: വെള്ളം(സംവിധായകൻ: പ്രജേഷ് സെൻ)
മികച്ച രണ്ടാമത്തെ സംവിധായകന്‍: പ്രജേഷ് സെന്‍ (ചിത്രം: വെള്ളം)
മികച്ച സഹനടന്‍: സുധീഷ് (എന്നിവര്‍)
മികച്ച സഹനടി: മമിത ബൈജു(ഖോ ഖോ)
മികച്ച ബാലതാരം : മാസ്റ്റര്‍ സിദ്ധാര്‍ത്ഥ (ബൊണാമി),
മികച്ച ബാലതാരം: ബേബി കൃഷ്‌ണശ്രീ(ചിത്രം: കാന്തി)