കേരളം

kerala

ETV Bharat / sitara

വെറുമൊരു മാസ് മസാല പടമല്ല 'ലൂസിഫർ'; റിവ്യൂ - പൃഥ്വിരാജ്

lalettan1

By

Published : Apr 6, 2019, 7:06 PM IST

Updated : Apr 6, 2019, 7:26 PM IST

നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 'ലൂസിഫർ' കഴിഞ്ഞ മാസം 28ന് തിയറ്ററുകളിലെത്തി. മോഹൻലാലിന്‍റെ അഭിനയമികവും പൃഥ്വിരാജിന്‍റെ സംവിധാനമികവും ഒത്തിണങ്ങിയ ഒരു കംപ്ലീറ്റ് മാസ് എന്‍റര്‍ട്രെയിനറാണ് ലൂസിഫറെന്ന് പറയാം. തുടക്കക്കാരന്‍റെ പതർച്ചയില്ലാതെ സംവിധായകന്‍റെ വേഷം പൃഥ്വിരാജ് മികവുറ്റതാക്കി.

ലൂസിഫർ

സ്റ്റീഫൻ നെടുമ്പള്ളി ആയി മോഹൻലാൽ വെള്ളിത്തിരയിൽ മാറിയപ്പോൾ ഒരു സൂപ്പർതാരത്തേക്കാളുപരി മോഹൻലാൽ എന്ന നടനെ തിരികെ ലഭിക്കുകയായിരുന്നു. ഇവിടെ അറുപത് വയസ്സായ ഒരു മനുഷ്യൻ ഉണ്ടാക്കുന്ന ക്രേസ് അത്ഭുതപ്പെടുത്തുന്നതാണ്. ഈ പ്രായത്തിലും പിടിച്ചു നിൽക്കുക എന്നതിലുപരി ബോക്സ് ഓഫീസിലെ എല്ലാ റെക്കോർഡുകളും സ്വന്തം പേരിലാക്കുക എന്നതും എളുപ്പമല്ല. കഥാസന്ദർഭങ്ങൾ കോർത്തിണക്കി പതിഞ്ഞ താളത്തിലാണ് ചിത്രത്തിന്‍റെ ആദ്യപകുതി കടന്നുപോകുന്നത്. കേരള മുഖ്യമന്ത്രിയുടെ മരണമാണ് ആദ്യസീൻ. സ്റ്റീഫൻ നെടുമ്പള്ളിയുടെ ഭാഷയിൽ പറഞ്ഞാൽ ആ നാട്ടിലെ ദൈവത്തിന്‍റെ മരണം. ബൈജു, സായ് കുമാർ, മഞ്ജു വാര്യർ, വിവേക് ഒബ്റോയ്, സാനിയ അയ്യപ്പൻ...അങ്ങനെ നിരവധി പേർ ആദ്യ സീനുകളിൽ വന്നുപോകുന്നു. അപ്പോഴതാ ലാലേട്ടന്‍റെ രംഗപ്രവേശം. 'വണ്ടിക്ക് പോവാനല്ലേ വിലക്കുള്ളു..നടക്കാൻ ഇല്ലല്ലോ...'തിയറ്റർ പൂരപറമ്പാക്കിയ ആദ്യ ഡയലോഗ്. അതുവരെയുണ്ടായിരുന്ന എല്ലാ പ്രകടനങ്ങളും കാറ്റിൽ പറത്തി പുള്ളി ചുമ്മാ അങ്ങ് നടന്നുകയറി.


തിരിച്ചുവരവിൽ മഞ്ജു വാര്യർ ചെയ്ത ഏറ്റവും മികച്ച കഥാപാത്രമെന്ന് നിസംശയം പറയാവുന്നതാണ് ലൂസിഫറിലെ പ്രിയദർശിനി രാംദാസ്. ബാല്യത്തിൽ അമ്മ മരിച്ച, അച്ഛനാൽ അവഗണിക്കപ്പെട്ട, ആദ്യഭർത്താവ് അതിദാരുണമായി കൊല്ലപ്പെട്ട, സ്ത്രീക്ക് നിലനിൽക്കണമെങ്കിൽ ഒരു ആണ്‍തുണ വേണമെന്ന ധാരണ കാരണം പുനർവിവാഹം കഴിക്കേണ്ടി വന്ന, ഒരേയൊരു മകളുടെ അകൽച്ച താങ്ങാൻ കഴിയാത്ത ഒരു സ്ത്രീയായി അവർ സ്ക്രീനിൽ നിറഞ്ഞാടുകായിരുന്നു. ജതിൻ രാംദാസായുള്ള ടൊവീനോ തോമസിന്‍റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ലൂസിഫറിൽ തനിക്ക് ലഭിച്ച സ്ക്രീൻ ടൈമിൽ വലിയൊരു ഇംപാക്റ്റ് കൊണ്ടുവരാൻ ടോവിനോയ്ക്ക് സാധിച്ചു. മലയാളത്തിലെ യുവനടന്മരിൽ ഏറ്റവും വേർസറ്റൈൽ ആയ നടനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് അദ്ദേഹം.

വില്ലൻ ഒരു അന്യഭാഷാ താരമാകുമ്പോൾ അതെപ്പോഴും കല്ലുകടിയാകാറാണ് പതിവ്. ലിപ് സിങ്ക്, ഡബ്ബിങ് അങ്ങനെ പല പ്രശ്നങ്ങളും, ഒന്ന് പാളിയാൽ വില്ലൻ കോമഡി പീസായി മാറിയേക്കാം. എന്തായാലും അക്കാര്യത്തിൽ വിവേക് ഒബ്റോയിയും പൃഥ്വിരാജും വലിയ പ്രശംസ അർഹിക്കുന്നു. ബിമൽ നായർ എന്ന ബോബിയായി വിവേക് ഒബ്റോയ് കൈയ്യടി നേടി.

പൃഥ്വിരാജ്, മോഹൻലാൽ

എല്ലാ കഥാപാത്രങ്ങൾക്കും ക്യത്യമായ സ്പേസ് നൽകാൻ മുരളീ ഗോപി ശ്രദ്ധിച്ചിട്ടുണ്ട്. വന്നവരും പോയവരും അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കിയപ്പോൾ പ്രേക്ഷകാനുഭവത്തിന്‍റെ മറ്റൊരു തലമായിരുന്നു ലഭ്യമായത്. എന്‍റെ കരിയറിൽ ഞാൻ എഴുതിയ ഏറ്റവും മാസ്സ് തിരക്കഥകളിൽ ഒന്നായിരിക്കും എന്ന് പറഞ്ഞ മുരളി ഗോപി വാക്ക് പാലിച്ചു. എഴുത്തിൽ തന്‍റേതായ ശൈലിയും സ്ഥാനവും നേടിയെടുത്തിട്ടുള്ള മുരളി ഗോപി ഈ മാസ് പടത്തിലും തന്‍റെ ക്രിയേറ്റിവ് മാഡ്നെസ്സ് കൊണ്ടുവന്നിട്ടുണ്ട് എന്ന് പറയാതെ വയ്യ.

തിരക്കഥയോടും സംവിധാനത്തോടും കിടപിടിക്കുന്നതായിരുന്നു ചിത്രത്തിന്‍റെ ക്യാമറ. ആസ്വാദനത്തിന്‍റെ രസച്ചരട് മുറിയാതെ ചിത്രത്തിനെ മുന്നോട്ട് കൊണ്ടു പോകുന്നതിൽ സുജിത് വാസുദേവ് എന്ന ഛായാഗ്രാഹകൻ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ലൂസിഫർ പ്രത്യക്ഷത്തിൽ ഒരു മാസ് മസാല സിനിമ എന്ന് തോന്നുമെങ്കിലും അതിന് സംവിധായകനും എഴുത്തുകാരനും ഒരുപാട് തലങ്ങൾ നൽകിയിട്ടുണ്ട്.

മലയാളം കണ്ട ഏറ്റവും വലിയ താരത്തിനെ താരമൂല്യം ലവലേശം കുറയാതെ എന്നാൽ അദ്ദേഹത്തിലെ നടനെ അങ്ങേയറ്റം ഉപയോഗിച്ചുകൊണ്ടുള്ള ഒരു മാസ്-ക്ലാസ് കോമ്പിനേഷനാണ് ലൂസിഫർ.

മോഹൻലാൽ, മുരളി ഗോപി, പൃഥ്വിരാജ്
പൃഥ്വിരാജ് നിങ്ങൾ ജനവികാരം മനസ്സിലാക്കിയ സംവിധായകനാണ്. ലാലേട്ടൻ എന്ന ബ്രാൻഡിനെ മാക്സിമം യൂസ് ചെയ്യാൻ സാധിച്ചതിൽ നിങ്ങൾക്ക് അഭിമാനിക്കാം. വെറുമൊരു മാസ്സ് മസാല മൂവി മാത്രമല്ല ഒരിക്കലും ലൂസിഫർ , അതിനും മേലെ കൃത്യമായ രാഷ്ട്രീയം ചർച്ച ചെയ്യുന്ന , നിലപാടുകൾ ഉള്ള , ഒരുപാട് അർത്ഥതലങ്ങൾ ഉള്ള ശക്തമായ തിരക്കഥയും കൂടെയാണ് ലൂസിഫർ എന്ന സിനിമ. ആദ്യ കാഴ്ചയിൽ ചിലപോൾ ഒരു സാധാരണ പടമായി മാത്രം നിങ്ങൾക്ക് തോന്നിയെങ്കിൽ അത് പൃഥ്വിരാജ് എന്ന സംവിധായകന്‍റേയും, മുരളി ഗോപി എന്ന എഴുത്തുകരന്‍റേയും ബ്രില്ല്യൻസ് തന്നെയാണ്. ലൂസിഫർ ഒരു പൃഥ്വിരാജ് പടമാണ്. ഒരു മുരളി ഗോപി പടമാണ്. അതിൽ അഭിനയിച്ച എല്ലാവരുടേയും പടമാണ്. പക്ഷേ സർവോപരി ഇതൊരു ലാലേട്ടൻ പടം തന്നെയാണ്!
Last Updated : Apr 6, 2019, 7:26 PM IST

ABOUT THE AUTHOR

...view details