പ്രിയതാരങ്ങളെ നേരില്‍ കാണാനും പരിചയപ്പെടാനും ആഗ്രഹിക്കുന്നവരാകും ഭൂരിപക്ഷം ആരാധകരും. അത്തരത്തില്‍ തന്‍റെ പ്രിയ താരമായ കാജല്‍ അഗർവാളിനെ കാണാൻ മിനക്കെട്ടിറങ്ങിയ ഒരു യുവാവിനാണിപ്പോൾ എട്ടിന്‍റെ പണി കിട്ടിയിരിക്കുന്നത്. തമിഴ്‌നാട് സ്വദേശിയായ യുവാവിന് തന്‍റെ പ്രിയതാരം കാജല്‍ അഗര്‍വാളിനെ കാണാനുള്ള മോഹം വരുത്തിവച്ചത് 75 ലക്ഷം രൂപയുടെ നഷ്ടമാണ്.
ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റായ ലൊക്കാന്‍റോയുടെ വ്യാജനെ ഉണ്ടാക്കി തമിഴ് നിര്‍മാതാവാണ് യുവാവിനെ പറ്റിച്ചത്. കാജല്‍ അഗര്‍വാളിനെ നേരിട്ട് കണ്ട് പരിചയപ്പെടാന്‍ അവസരം നല്‍കാം എന്നായിരുന്നു വാഗ്ദാനം. യുവാവിന്‍റെ അച്ഛന്‍റെ പരാതിയില്‍ രാമനാഥപുരം പൊലീസ് നിര്‍മാതാവിനെ അറസ്റ്റ് ചെയ്തു. ചെന്നൈ അശോക് നഗറിലെ ലോഡ്ജില്‍ വച്ചാണ് പ്രതി ശരവണകുമാർ എന്ന ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഉപഭോക്താവിന് ഇഷ്ടമുള്ള താരങ്ങളെ കാണാനുള്ള അവസരം വാഗ്ദാനം ചെയ്തുകൊണ്ടുള്ള വെബ്‌സൈറ്റ് ശ്രദ്ധയില്‍പ്പെട്ട യുവാവ് തന്‍റെ പേരും മറ്റ് വിവരങ്ങളും നല്‍കി നേരില്‍ കാണാന്‍ ആഗ്രഹിക്കുന്ന താരങ്ങളുടെ ലിസ്റ്റില്‍ നിന്ന് കാജല്‍ അഗര്‍വാളിന്‍റെ പേര് തിരഞ്ഞെടുക്കുകയുമായിരുന്നു. ആദ്യ ഗഡുവായി 50000 രൂപ യുവാവിനോട് അടക്കാൻ വെബ്സൈറ്റ് ആവശ്യപ്പെട്ടു. അത് അടച്ചതിനെ തുടർന്ന് യുവാവിനെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച പ്രതി കൂടുതല്‍ പണം അയാളോട് ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ അപകടം മണത്ത യുവാവ് പണം നല്‍കാന്‍ വിസമ്മതിച്ചെങ്കിലും ഭീഷണിപ്പെടുത്തി 75 ലക്ഷത്തോളം രൂപ പ്രതികള്‍ അടിച്ച് മാറ്റുകയായിരുന്നു.
നാണക്കേടും ഭയവും കാരണം ഒളിവില്‍ പോയ യുവാവിനെ പോലീസ് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മറ്റ് വിവരങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ പൊലീസ് നിയമിച്ചിരുന്നു. ഒരാഴ്ച മുമ്പ് താന്‍ ആത്മഹത്യയ്‌ക്കൊരുങ്ങുകയാണെന്ന് പറഞ്ഞ് വീട്ടിലേക്ക് യുവാവ് ഫോണ്‍ വിളിച്ചിരുന്നു.