മുംബൈ :ഇന്ത്യന്‍ചലച്ചിത്ര മേഖലയില്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്രയോഗമാണ് പാന്‍ ഇന്ത്യന്‍. രാജ്യവ്യാപകമായി സാന്നിധ്യമുള്ളത് എന്നതിന്‍റെ ചുരുക്കമാണ് പാന്‍. 2015ല്‍ പുറത്തിറങ്ങിയ എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി: ദ ബിഗിനിങ്ങി'ലൂടെയാണ് ഈ പ്രയോഗത്തിന് പ്രചാരം ലഭിക്കുന്നത്. വിജയുടെ 'മാസ്റ്റർ', അല്ലു അർജുന്‍റെ 'പുഷ്‌പ' തുടങ്ങിയ സിനിമകൾ ഉത്തരേന്ത്യയില്‍ പുതിയ ബോക്‌സ് ഓഫിസ് റെക്കോർഡുകൾ സ്ഥാപിച്ചതോടെ പാൻ ഇന്ത്യന്‍ ചിത്രം എന്ന പ്രയോഗം കൂടുതലായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
ഒരു ഭാഷയില്‍, വലിയ ക്യാന്‍വാസില്‍ നിര്‍മിച്ച്, പല ഭാഷകളിലായി മൊഴിമാറ്റം ചെയ്‌ത്, കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങളെയാണ് പാന്‍ ഇന്ത്യന്‍ ചിത്രങ്ങളെന്ന് പൊതുവേ പറയാറുള്ളത്. പല ഭാഷകളിലായി അഭിനയിക്കുന്ന താരങ്ങളെ പാന്‍ ഇന്ത്യന്‍ താരമെന്നും പറയാറുണ്ട്. തെലുങ്ക് സിനിമകളിലാണ് കൂടുതലും അഭിനയിക്കുന്നതെങ്കിലും ബാഹുബലിക്ക് ശേഷം നടന്‍ പ്രഭാസിന് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട്.
ദുല്‍ഖര്‍ സല്‍മാനെ പലപ്പോഴും പാന്‍ ഇന്ത്യന്‍ താരമെന്ന് വിശേഷിപ്പിക്കാറുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചതോടെയാണ് പാന്‍ ഇന്ത്യന്‍ താരമെന്ന വിശേഷണം ദുല്‍ഖറിനെ തേടിയെത്തിയത്. എന്നാല്‍ പാന്‍ ഇന്ത്യന്‍ എന്ന പദം വ്യാപകമായി ഉപയോഗിക്കുന്നത് തന്നെ അമ്പരപ്പിക്കുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ദുൽഖർ സൽമാൻ. ന്യൂസ് ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പാന്‍ ഇന്ത്യ എന്ന പ്രയോഗം തന്നെ എത്രത്തോളം അലോസരപ്പെടുത്തുന്നുവെന്ന് ദുല്‍ഖര്‍ തുറന്നുപറഞ്ഞത്.
'എന്നെ ശരിക്കും അലോസരപ്പെടുത്ത പ്രയോഗമാണ് പാൻ ഇന്ത്യന്‍. അത് കേൾക്കുന്നത് തന്നെ എനിക്ക് ഇഷ്‌ടമല്ല. അഭിനേതാക്കള്‍/അണിയറ പ്രവര്‍ത്തകർ മറ്റ് ഭാഷകളില്‍ പ്രവര്‍ത്തിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ നമ്മൾ ഒരു രാജ്യമാണ്. പാൻ അമേരിക്ക എന്ന് ആരും പറയുമെന്ന് ഞാൻ കരുതുന്നില്ല. പാന്‍ ഇന്ത്യന്‍ എന്ന പ്രയോഗം ഏത് രീതിയില്‍ ഉപയോഗിച്ചാലും എനിയ്ക്ക് അതിന്‍റെ യുക്തി മനസിലാകുന്നില്ല'- ദുല്‍ഖര്‍ പറയുന്നു.
ഇന്ത്യയിലുടനീളം പ്രദര്‍ശിപ്പിച്ച സിനിമകൾ യഥാര്‍ഥത്തില്‍ ഒരു പ്രത്യേക മാര്‍ക്കറ്റിന് വേണ്ടി (ഉദാഹരണത്തിന് മലയാളി പ്രേക്ഷകര്‍) നിർമിച്ചവയാണെന്നാണ് ദുല്‍ഖറിന്‍റെ അഭിപ്രായം. എല്ലാവരേയും തൃപ്‌തിപ്പെടുത്തുന്ന തരത്തിലാണ് ഒരാൾ ഒരു ചിത്രം എടുക്കുന്നതെങ്കില്‍ അത് ആര്‍ക്കും ഉള്‍ക്കൊള്ളാനാകില്ലെന്നും നടന്‍ വിശ്വസിക്കുന്നു.
Also read: 'അറബിക് കുത്തി'ന് ശേഷം 'ജോളി ഒ ജിംഖാനാ' ; പ്രമോ പുറത്ത്
'നിങ്ങൾക്ക് ഒരു പാൻ ഇന്ത്യന്‍ സിനിമ നിർമിക്കാൻ കഴിയില്ല. യഥാർഥത്തില്‍ ഇന്ത്യയിലുടനീളം പ്രദർശനം ലഭിച്ച സിനിമകൾ ഒരു മാര്‍ക്കറ്റിന് വേണ്ടി (മലയാളം/തമിഴ്/ഹിന്ദി) നിർമിച്ചതാണ്. നിങ്ങൾ ഒരു പാൻ ഇന്ത്യന്‍ സിനിമ ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ, അതായത് എല്ലാ പ്രേക്ഷകരേയും ആകർഷിക്കാൻ ശ്രമിക്കുകയാണെങ്കില്‍ അത് ആർക്കും ഉള്‍ക്കൊള്ളാനാകില്ല. നിങ്ങൾക്ക് നിങ്ങളുടെ സിനിമയെ കഴിയുന്നത്ര ഒരു പ്രത്യേക പ്രദേശത്ത് നടക്കുന്ന കഥയായി, വലിയ കാന്‍വാസില്‍ എടുത്ത്, വ്യത്യസ്‌ത താരങ്ങളെ വച്ച് (വിവിധ ചലചിത്ര മേഖലയിലെ പരിചിത മുഖങ്ങളെ ഉൾപ്പെടുത്തി) നിർമിക്കാം. അത് എനിക്ക് മനസിലാകും. പക്ഷേ അതിനായി കഥയുടെ സംസ്‌കാരവും വ്യതിരിക്തതയും നഷ്‌ടപ്പെടുത്തണമെന്ന് ഞാൻ കരുതുന്നില്ല'- ദുല്‍ഖര്‍ വ്യക്തമാക്കി.
'സല്യൂട്ട്' ആണ് ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ബോബി-സഞ്ജയ് ടീമിന്‍റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്‌ത ചിത്രം മാര്‍ച്ച് 17ന് സോണി ലിവിലൂടെയാണ് പ്രദര്‍ശനത്തിനെത്തിയത്. ഒരു ഇന്‍വെസ്‌റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് 'സല്യൂട്ട്'. ചിത്രത്തില്‍ എസ്.ഐ അരവിന്ദ് കരുണാകരന്‍റെ വേഷമാണ് ദുല്‍ഖറിന്. ദുല്‍ഖര്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സല്യൂട്ടിനുണ്ട്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. വേഫാറെര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് 'സല്യൂട്ട്'. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് കന്നട എന്നീ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്.