മമ്മൂട്ടിയോളം നന്നായി മറ്റാർക്കും വൈ.എസ്.ആർ ആകാൻ കഴിയില്ല; യാത്ര സംവിധായകൻ - mahi v raghav
ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും സംസാരിക്കുന്നത്.
ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ വൈ എസ് ആര്‍ ആയി എത്തുന്നത് മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ്. മമ്മൂട്ടിയുമായുള്ള സിനിമാ അനുഭവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകൻ മാഹി വി രാഘവ്.
മമ്മൂട്ടി ഒരു കഥാപാത്രത്തെ സമീപിക്കുന്നത് തന്നിലെ സംവിധായകനെ കൂടുതല്‍ മെച്ചപ്പെട്ടതാക്കിയെന്ന് മഹി പറയുന്നു. “ഇപ്പോള്‍ എനിക്ക് അദ്ദേഹത്തിന്‍റെ ‘മെത്തേഡ്’, ‘ടെക്നിക്’ എന്നിവ അറിയാം. അത് മനസ്സിലാക്കിയത് കൊണ്ട് ഭാവി സിനിമാകളിലെ ജോലികളും എളുപ്പമായി എന്ന് ഞാന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തു,” ‘യാത്ര’ പൂര്‍ണ്ണമായും ഒരു മമ്മൂട്ടി ചിത്രമാണ് എന്നും മഹി വ്യക്തമാക്കി. “പെരുപ്പിച്ചു കാണിക്കലോ പ്രശംസയോ അല്ല, പക്ഷേ മമ്മൂട്ടിയോളം നന്നായി ഈ റോള്‍ ചെയ്യാന്‍ മറ്റാർക്കും സാധിക്കില്ല.”
തെലുങ്കിലെ വരികള്‍ കൃത്യമായി പഠിക്കാനായി സ്ക്രിപ്റ്റ് പൂര്‍ണ്ണമായും മലയാളത്തിലാക്കി എഴുതുകയായിരുന്നു മമ്മൂട്ടി. തെലുങ്ക് വാക്കുകളുടെ ഉച്ചാരണം കൃത്യമാക്കാന്‍ വേണ്ടി ഷൂട്ടിംഗ് ലോക്കെഷനിലും ഡബ്ബിംഗ് സ്റ്റുഡിയോയിലും ഒരു ഡയലോഗ് അസിസ്റ്റന്‍റിന്‍റെ സഹായവും അദ്ദേഹം തേടിയിരുന്നതായി മഹി പറഞ്ഞു.
“കഥാപാത്രത്തിന്‍റെ അന്തസത്ത മനസിലായിക്കഴിഞ്ഞാല്‍ പിന്നെ അദ്ദേഹം അത് മെല്ലെ ‘ബില്‍ഡ്’ ചെയ്യും. മറ്റാരെയും അനുകരിക്കാന്‍ അല്ല അദ്ദേഹം നോക്കുന്നത്. കഥാപാത്രത്തിന്‍റെ ആത്മാവിലേക്ക് ഇറങ്ങാനാണ്. അഭിനയത്തോടുള്ള ഈ സമീപനമാണ് മറ്റുള്ളവരില്‍ നിന്നും മമ്മൂട്ടിയെ വ്യത്യസ്ഥനാക്കുന്നത്. വൈ എസ് ആറിന്‍റെ ആത്മാവിലേക്കും ചൈതന്യത്തിലെക്കും ഇറങ്ങിച്ചെന്ന്, അതിന് തന്‍റേതായ ഭാഷ്യം ചമയ്ക്കുകയായിരുന്നു മമ്മൂട്ടി.” മഹി വ്യക്തമാക്കി.
ഫെബ്രുവരി 8 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഥാവകാശ തര്‍ക്കത്തെത്തുടര്‍ന്ന് ചെന്നൈ ഹൈക്കോടതി ‘യാത്ര’യുടെ അണിയറപ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഫെബ്രുവരി 6നാണ് ഇതുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുക. അത് പരിഹരിച്ചാല്‍ മാത്രമേ ചിത്രത്തിന്‍റെ റിലീസ് സാധ്യമാവുകയുള്ളൂ.