ചിയാന്‍ വിക്രമിന്‍റെ മകന്‍ ധ്രുവ് വിക്രം നായകനാകുന്ന 'ആദിത്യവര്‍മ്മ' തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ചിയാന്‍ വിക്രമും മകന്‍ ധ്രുവും തന്നെയായിരുന്നു ചടങ്ങിലെ മുഖ്യ ആകര്‍ഷണം. വേദിയില്‍ വിക്രം മകനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.
മകളെ വിവാഹം ചെയ്തയക്കുന്നത് വരെയുള്ള അച്ഛന്‍റെ ടെന്‍ഷനിലാണ് ഞാനിപ്പോള്‍; വികാരാധീനനായി വിക്രം
സിനിമയെക്കുറിച്ചറിഞ്ഞപ്പോള്‍ ഇത്ര ഹെവി ആയിട്ടുളള റോള്‍ ഈ ചെറുപ്രായത്തില്‍ ധ്രുവിനെക്കൊണ്ട് അഭിനയിച്ച് ഫലിപ്പിക്കാനാകുമോ എന്ന് ടെന്‍ഷന്‍ ഉണ്ടായിരുന്നതായി ചിയാൻ വിക്രം പറഞ്ഞു.
ധ്രുവിനെക്കുറിച്ച് ഏറെ അഭിമാനത്തോടെയാണ് വിക്രം സംസാരിച്ചത്. ധ്രുവിനെപ്പോലെ എനിക്ക് സംസാരിക്കാന്‍ അറിയില്ല എന്ന് പറഞ്ഞാണ് വിക്രം സംസാരിച്ച് തുടങ്ങിയത്. 'ധ്രുവ് വേദിയില്‍ കയറി നിന്ന് എന്ത് പറയുമെന്നായിരുന്നു എന്‍റെ ഇതുവരെയുള്ള ടെന്‍ഷന്‍. എന്നാല്‍ ഇപ്പോള്‍ ധ്രുവിന്‍റെ പ്രസംഗം കേട്ടപ്പോള്‍ അതൊക്കെ മറന്നു. പ്ലസ്‌ടു ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥിയുടെ അവസ്ഥയാണിപ്പോഴെനിക്ക്. ഏറെ വെല്ലുവിളി തന്ന സേതു എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പോലും ഈ ടെന്‍ഷന്‍ അനുഭവിച്ചിട്ടില്ല. മകളെ വിവാഹം ചെയ്തയക്കുന്നതുവരെ അച്ഛന്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ തന്നെയാണ് എനിക്ക് ഇപ്പോള്‍ ധ്രുവിന്‍റെ കാര്യത്തില്‍', വിക്രം പറഞ്ഞു.
ധ്രുവിന്‍റെ ഡബ്‌സ്മാഷ് വീഡിയോകള്‍ കണ്ടാണ് നിർമാതാവ് മുകേഷ് 'ആദിത്യവര്‍മ്മ'യിലേക്ക് താരത്തെ കാസ്റ്റ് ചെയ്തത്. 'ഈ സിനിമ ചെയ്യട്ടേയെന്ന് ചോദിച്ച് കൊണ്ട് നിരവധി താരങ്ങള്‍ മുകേഷിനെ സമീപിച്ചിരുന്നു. എന്നാല്‍ ധ്രുവിനെക്കൊണ്ടേ ആദിത്യവര്‍മ്മ ചെയ്യിക്കൂ എന്നത് അദ്ദേഹത്തിന്‍റെ വാശിയായിരുന്നു. സിനിമയെക്കുറിച്ചറിഞ്ഞപ്പോള്‍ ഇത്ര ഹെവി ആയിട്ടുളള റോള്‍ ഈ ചെറുപ്രായത്തില്‍ ധ്രുവിനെക്കൊണ്ട് അഭിനയിച്ച് ഫലിപ്പിക്കാനാകുമോ എന്ന് ടെന്‍ഷന്‍ ഉണ്ടായിരുന്നു', വിക്രം വെളിപ്പെടുത്തി. ഇരുവരും ഒന്നിച്ച് പാട്ടുകൂടി പാടിയാണ് വേദി വിട്ടത്.