തെന്നിന്ത്യൻ യുവതാരം വിജയ് ദേവരക്കോണ്ട നായകനായെത്തുന്ന 'ഡിയർ കോമ്രേഡ്' എന്ന ചിത്രത്തിൻ്റെ കേരളത്തിലെ ചിത്രീകരണം പൂർത്തിയായി. അതിരപ്പിള്ളി, വാഴച്ചാൽ, വാഗമണ്‍ എന്നിവിടങ്ങളിൽ നടന്ന ചിത്രീകരണത്തിനായാണ് വിജയ് ദേവകക്കോണ്ടയും നായിക രാഷ്മിക മന്ദാനയും കേരളത്തിലെത്തിയത്.
ഭരത് കമ്മ സംവിധാനം ചെയ്യുന്ന 'ഡിയർ കോമ്രേഡ്' മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ഒരുങ്ങുന്നത്. ദേവരക്കോണ്ടക്കും രാഷ്മികയ്ക്കും പുറമേ മലയാളി താരം ശ്രുതി രാമചന്ദ്രനും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
വിജയ് ദേവേരക്കോണ്ട കോമ്രേഡ് ചാര്‍ളി എന്ന കഥാപാത്രമായി എത്തുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ - അമല്‍ നീരദ് ചിത്രം 'കോമ്രേഡ് ഇൻ അമേരിക്ക (സിഐഎ)' യുടെ റീമേക്കാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇരുചിത്രങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് 'ഡിയർ കോമ്രേഡിൻ്റെ' അണിയറപ്രവർത്തകർ വ്യക്തമാക്കി.
'ഗീതാ ഗോവിന്ദ'ത്തിന് ശേഷം വിജയ് ദേവരക്കോണ്ടയും രാഷ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമാണ് 'ഡിയർ കോമ്രേഡ്'. ലേ, ഹൈദരാബാദ്, കാക്കിനാട എന്നീ സ്ഥലങ്ങളിലാണ് 'ഡിയർ കോമ്രേഡി'ൻ്റെ ബാക്കി ചിത്രീകരണം നടക്കുക. മെയ് 31 ന് ചിത്രം തിയറ്ററുകളിലെത്തും.