മൂന്ന് വർഷത്തെ പ്രയത്നത്തിന്‍റെയും കാത്തിരിപ്പിന്‍റെയും ഫലമാണ് പൃഥ്വിരാജിന് 'ലൂസിഫർ' എന്ന തന്‍റെ ആദ്യ സംവിധാന സംരംഭം. തന്‍റെ ആദ്യ ചിത്രം ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചപ്പോൾ വികാരഭരിതനായ പൃഥ്വിയെ ചേർത്ത് പിടിക്കുകയാണ് നിർമ്മാതാവും ഭാര്യയുമായ സുപ്രിയ.
സിനിമ കണ്ട് മടങ്ങുമ്പോൾ പൃഥ്വിരാജിനൊപ്പം സുപ്രിയ പകർത്തിയ ചിത്രം കണ്ട് ആരാധകർ പറയുന്നത് പൃഥ്വി കരഞ്ഞെന്നും അതാണ് ഫോട്ടോയില്‍ കണ്ണ് നിറഞ്ഞിരിക്കുന്നതെന്നുമാണ്. ഉദയനാണ് താരത്തില്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ കണ്ട് കണ്ണുനിറയുന്ന മോഹൻലാലിന്‍റെ ചിത്രം പങ്കുവച്ച് താരതമ്യം ചെയ്യുന്നവരുമുണ്ട്.
ചിത്രം പ്രദർശനത്തിനെത്തുന്നതിന്‍റെ തലേദിവസവും പൃഥ്വിയെ കുറിച്ച് ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് സുപ്രിയ ഇൻസ്റ്റഗ്രമില്‍ പങ്കുവച്ചിരുന്നു. ‘ഈ ചിത്രത്തിന് വേണ്ടി പൃഥ്വി എത്രത്തോളം അധ്വാനിച്ചുവെന്ന് നേരില്‍ കണ്ട ആളാണ് ഞാന്‍. ഞാന്‍ പരിചയപ്പെടുമ്പോള്‍ നിങ്ങള്‍ ഒരു നടനായിരുന്നു. എന്നാല്‍ ഒരു സംവിധായകനിലേക്കുള്ള നിങ്ങളുടെ യാത്ര വ്യക്തിപരമായി ഞാന്‍ കണ്ടറിഞ്ഞു. ഇത്രയും കഠിനാധ്വാനിയായ ഒരാളെ എന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല. പൃഥ്വിയുടെ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദി. എന്നായിരുന്നു സുപ്രിയ കുറിച്ചത്.