ഒരു സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കൈനിറയെ പുസ്തകങ്ങൾ സമ്മാനിച്ച് നടൻ സണ്ണി വെയ്ൻ. പുസ്തകങ്ങളുമായി എത്തിയ താരത്തെ സ്നേഹത്തോടെയും സന്തോഷത്തോടെയും സ്വാഗതം ചെയ്യുന്ന കുട്ടികളുടെ വീഡിയോയും താരം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഒരു സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പുസ്തകം നല്‍കി സണ്ണി വെയ്ൻ - sunny wayne
പുസ്‌തകം വായിക്കുമ്പോൾ നമ്മൾ സ്വപ്നങ്ങൾ നിറഞ്ഞ ഒരു ലോകത്ത് എത്തിപ്പെടുമെന്നും സ്വപ്നങ്ങൾ കാണുന്ന കുട്ടികളാണ് ഒരു നാടിന്‍റെ ഏറ്റവും വലിയ സമ്പത്തെന്നും സണ്ണി വെയ്ൻ പറഞ്ഞു.
“വായനാശീലമുള്ള ഒരു കുട്ടി വളരുമ്പോൾ ചിന്തിക്കുന്ന ഒരു വ്യക്തിയായിരിക്കും. പുസ്തകങ്ങളാണ് കുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച സമ്മാനം. ഒരു സ്കൂളിന് മുഴുവൻ പുസ്തകങ്ങൾ നൽകാനുള്ള ഭാഗ്യമെനിക്കുണ്ടായി. സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിക്കാനും അവരുടെ ‘മൈ ക്ലാസ്സ്റൂം ലൈബ്രറി’ എന്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കാനും സാധിച്ചു,” എന്ന കുറിപ്പോടെയാണ് കുട്ടികൾക്കൊപ്പമുള്ള വീഡിയോ സണ്ണി വെയ്ൻ പങ്കുവച്ചിരിക്കുന്നത്.
''പുസ്തകങ്ങൾ വായിക്കുമ്പോൾ നമ്മൾ ഒരു അത്ഭുതലോകത്ത് എത്തിപ്പെടുകയാണ് ചെയ്യുന്നത്. സ്വപ്നങ്ങൾ നിറഞ്ഞ ഒരു ലോകം. നല്ല സ്വപ്നങ്ങൾ കാണുന്ന കുട്ടികളാണ് ഒരു നാടിന്‍റെ ഏറ്റവും വലിയ സമ്പത്ത്. ഇളം മഞ്ഞ കടലാസിലെ കുനുകുനെയുള്ള അക്ഷരങ്ങളും പുത്തൻ പുസ്തകത്തിന്‍റെ മനം നിറയ്ക്കുന്ന മണവും ആസ്വദിച്ച് വേണം കുട്ടികൾ വളരാൻ. നിങ്ങളെ പോലുള്ള കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് തരാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനവും ഇത് തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. സണ്ണി കൂട്ടിചേർത്തു. ‘അനുഗ്രഹീതൻ ആന്‍റണി’ എന്ന ചിത്രമാണ് സണ്ണി വെയ്നിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.