കേരളം

kerala

ETV Bharat / sitara

ഇന്ത്യയുടെ ശബ്ദമാധുര്യത്തിന് ഇന്ന് 35ാം പിറന്നാൾ - birthday

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാല് തവണ സ്വന്തമാക്കി ഇന്ത്യയിലെ അതിപ്രശസ്തരായ 100 വ്യക്തികളുടെ പട്ടികയില്‍ നാല് തവണ ഇടം തേടി. അമേരിക്കയിലെ ഒഹിയോയില്‍ ജൂണ്‍ 26 ശ്രേയാ ഘോഷാല്‍ ഡേ ആണ്.

sreya1

By

Published : Mar 12, 2019, 5:03 PM IST

ശ്രേയാ ഘോഷാലിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഇന്ത്യയിലെ എല്ലാം സംഗീതപ്രേമികളുടെയും പ്ലേ ലിസ്റ്റിന്‍റെ മുൻപന്തിയിൽ തന്നെ ഈ ഗായികയുടെ ഗാനങ്ങളുണ്ടാകും. ഇന്ത്യയുടെ ശബ്ദമാധുര്യമായ ശ്രേയാ ഘോഷാലിന് ഇന്ന് 35 വയസ് തികയുകയാണ്.

ശ്രേയ ഘോഷാൽ

പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലാണ് ശ്രേയയുടെ ജനനം. നാല് വയസ് മുതൽ സംഗീതം പഠിച്ചുതുടങ്ങിയതാണവൾ. തന്‍റെ പതിനാറാമത്തെ വയസില്‍ ഒരു സംഗീത റിയാലിറ്റി ഷോയിലൂടെ വന്ന ശ്രേയയെ പിന്നണി ഗാനരംഗത്തേക്ക് കൊണ്ടുവരുന്നത് ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയാണ്. 2002ൽ ഇറങ്ങിയ ദേവദാസ് എന്ന ചിത്രത്തിലെ അഞ്ച് ഗാനങ്ങൾ പാടി ശ്രേയാ ഘോഷാൽ വരവറിയിച്ചു. ബൻസാലിയുടെ കണ്ടെത്തൽ വെറുതെയായില്ലെന്ന് തെളിയിച്ചുകൊണ്ട് ആ വർഷത്തെ ദേശീയ അവാർഡും ഫിലിംഫെയർ അവാർഡുകളും ആർ ഡി ബർമ്മൻ അവാർഡുകളുമെല്ലാം ശ്രേയയെ തേടിയെത്തി.

ഭർത്താവിനൊപ്പം

'ബിഗ് ബി'യിലെ 'വിടപറയുകയാണോ' എന്ന ഗാനമാലപിച്ച് ശ്രേയ മലയാളത്തിലുമെത്തി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി തുടങ്ങി ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും ശ്രേയ പാടി. മലയാളം മാതൃഭാഷ അല്ലാതിരുന്നിട്ട് പോലും ഏറെ ഉച്ഛാരണശുദ്ധിയോടെ മലയാളഗാനങ്ങൾ ആലപിക്കുന്ന ശ്രേയ സംഗീത സംവിധായകർക്കും ശ്രോതാക്കൾക്കുമെല്ലാം ഒരു കൗതുകമാണ്. പ്രണയം എന്ന ചിത്രത്തിലെ പാട്ടിൽ ഈ പാട്ടിൽ, സാഗർ ഏലിയാസ് ജാക്കിയിലെ വെണ്ണിലവേ, നീലത്താമരയിലെ അനുരാഗ വിലോചനനായി, ബാച്ചിലർ പാർട്ടിയിലെ കാർമുകിലിൻ, എന്നു നിന്‍റെ മൊയ്തീനിലെ കാത്തിരുന്ന് കാത്തിരുന്ന്, തീവണ്ടിയിലെ ജീവാംശമായ്, ഒടിയനിലെ കൊണ്ടോരാം തുടങ്ങി വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന നൂറിലധികം ഗാനങ്ങൾ ശ്രേയയുടെ ശബ്ദത്തിൽ മലയാളത്തിന് ലഭിച്ചിട്ടുണ്ട്.

സംഗീതസംവിധായകൻ എം ജയചന്ദ്രനൊപ്പം

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാല്തവണ സ്വന്തമാക്കിയിട്ടുണ്ട് ഈ പ്രതിഭ. അമേരിക്കൻ ബിനിനസ് മാസികയായ ഫോർബ്സ് ഇന്ത്യയിലെ അതിപ്രശസ്തരായ 100 വ്യക്തികളിൽ ഒരാളായി നാല് തവണയാണ് ശ്രേയയെ തെരഞ്ഞെടുത്തത്. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള ഗായിക കൂടിയാണ് ശ്രേയാ ഘോഷാൽ ഇന്ന്.

ഏ ആർ റഹ്മാനൊപ്പം

ശ്രേയാ ഘോഷാലിനെക്കുറിച്ച്‌ അധികം ആര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്‌. അങ്ങ്‌ അമേരിക്കന്‍ സ്റ്റേറ്റ്‌ ആയ ഒഹിയോ ശ്രേയാ ഘോഷാലിന്‌ വേണ്ടി ഒരു ദിവസം തന്നെ നീക്കി വച്ചിരിക്കുകയാണ്‌ എന്നത്‌. ജൂണ്‍ 26 ആണ്‌ ആ ദിനം. ശ്രേയയുടെ ആലാപനത്തില്‍ മതിമറന്ന ഒഹിയോ ഗവര്‍ണര്‍ ടെഡ്‌ സ്ട്രിക്ലാന്‍ഡ്‌ ആണ്‌ ജൂണ്‍ 26 ശ്രേയാ ഘോഷാല്‍ ഡേ ആയി പ്രഖ്യാപിച്ചത്‌. സംഗീത ലോകത്തിന്‌ ഗായിക നല്‍കിയ സംഭാവനകള്‍ മാനിച്ചാണ്‌ ഈ ബഹുമതി. സംഗീതത്തിന്‍റെ പാതയില്‍ ഇനിയും ഏറെ ദൂരം ചെന്നെത്തേണ്ടതുണ്ട്‌ ഈ കലാകാരിക്ക്. കാലം അവള്‍ക്കായി കരുതിവച്ച ഒരുപിടി ഗാനങ്ങള്‍ പാടേണ്ടതുമുണ്ട്‌. ആ പാട്ടുകള്‍ ശ്രേയയുടെ തേനൂറുന്ന ശബ്ദത്തിലൂടെ ആത്മാവിന്‍റെ ആഴങ്ങളില്‍ അലയടിക്കും. അതിനായി നമുക്ക്‌ ഇനിയും കാത്തിരിക്കാം…..

ABOUT THE AUTHOR

...view details