തന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ നടനും സംവിധായകനുമായ ശ്രീനിവാസൻ രംഗത്ത്. ഫേസ്ബുക്കില്‍ ഔദ്യോഗിക അക്കൗണ്ട് തുടങ്ങിയതിന് ശേഷം പങ്കുവച്ച വീഡിയോയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫേക്കന്മാർ ജാഗ്രതൈ; ഒറിജിനല്‍ ശ്രീനിവാസൻ വന്നു
മകൻ വിനീതിനോട് സിപിഎമ്മില്‍ ചേരാൻ ആവശ്യപ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകളും വ്യാജമാണെന്നും ശ്രീനിവാസൻ വ്യക്തമാക്കി.
തന്‍റെ പേരില്‍ ആറ് വ്യാജ അക്കൗണ്ടുകൾ കണ്ടെത്തിയെന്നും അതിലൂടെ താൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ശ്രീനിവാസൻ പറഞ്ഞു. മകൻ വിനീതിനോട് സിപിഎമ്മില്‍ ചേരാൻ ആവശ്യപ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ശ്രീനിവാസൻ വ്യക്തമാക്കി. 'വിനീതിനോട് ഇന്നേവരെ ഞാന്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ല. കാരണം ഓരോരുത്തര്‍ക്കും പ്രായപൂര്‍ത്തിയാവുമ്പോള്‍ ലോകത്ത് നടക്കുന്നത് എന്താണെന്ന് തിരിച്ചറിയാനുള്ള കഴിവുണ്ട്. ഉണ്ടാവണം. വിനീതിന് അങ്ങനെ ഒരു കഴിവുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിനീതിന് മാത്രമല്ല തങ്ങളുടെ നിലപാടുകളും താത്പര്യങ്ങളും പുറത്ത് പറയാന്‍ താത്പര്യമില്ലാത്തവര്‍ക്ക് പോലും അവര്‍ക്ക് പറയാനുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകും', ശ്രീനിവാസൻ പറഞ്ഞു.
'ഫേക്കന്മാർ ജാഗ്രതൈ, ഒറിജിനല്‍ വന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ശ്രീനിവാസൻ പാട്യം (ശ്രീനി) എന്ന അക്കൗണ്ടാണ് താരം ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നത്. പാട്യം തന്‍റെ നാടാണെന്നും ഈ അക്കൗണ്ടിലൂടെ തനിക്ക് പറയാനുള്ള ഉപദേശമല്ലാത്ത കാര്യങ്ങൾ പറയാൻ ശ്രമിക്കുമെന്നും പറഞ്ഞാണ് ശ്രീനിവാസൻ വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.