മലയാളത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന യുവതാരങ്ങളില്‍ ഒരാളാണ് ഷെയ്ൻ നിഗം. ആദ്യമായി നായകനായെത്തിയ ‘കിസ്മത്ത്’ മുതല്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ‘ഇഷ്‌ക്’ വരെ ഓരോ ചിത്രത്തിലും തന്‍റെ കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്താൻ ഈ 23 കാരന് സാധിച്ചിട്ടുണ്ട്.
പ്രണയം തുറന്ന് പറഞ്ഞ് ഷെയ്ന്‍ നിഗം - ഷെയ്ൻ നിഗം
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ഷെയ്‌ന്‍ പ്രണയം വെളിപ്പെടുത്തിയത്.
അഭിനയിച്ച എല്ലാ ചിത്രങ്ങളിലും മലയാളികളുടെ മനസിലെ പ്രണയ സങ്കല്‍പങ്ങൾക്കൊത്ത് അഭിനയിച്ച ഈ യുവനടൻ ജീവിതത്തിലും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. 'ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അയാളുടെ മനസില്‍ പ്രണയമുണ്ടെങ്കിലേ അത്തരമൊരു കഥാപാത്രമാകാന്‍ കഴിയൂ. അതെ ഞാനൊരാളുമായി പ്രണയത്തിലാണ്.' എങ്ങനെയാണ് ഇത്ര എളുപ്പത്തില്‍ പ്രണയ രംഗങ്ങളില്‍ അഭിനയിക്കാൻ സാധിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ പ്രണയിനി ആരാണെന്ന് താരം വെളിപ്പെടുത്തിയില്ല.
താന്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും അടുപ്പം തോന്നിയ കഥാപാത്രം ‘കിസ്മത്തി’ലെ ഇര്‍ഫാന്‍ ആണെന്നും ഷെയ്ൻ പറയുന്നു. തുടര്‍ന്ന് 'കുമ്പളങ്ങി നൈറ്റ്‌സി'ലെ ബോബിയിലും 'കെയര്‍ ഓഫ് സൈറാ ബാനു'വിലെ ജോഷ്വയുമാണ് തന്നോട് അടുത്ത് നില്‍ക്കുന്നത് എന്നാണ് താരത്തിന്‍റെ അഭിപ്രായം. ഇര്‍ഫാന്‍റെയും ബോബിയുടേയും ജോഷ്വയുടെയും മൂന്നിലൊന്ന് സ്വഭാവങ്ങള്‍ ചേര്‍ത്ത് വച്ചാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ ഷെയ്ന്‍ ആയി എന്നും ഷെയ്‌ന്‍ നിഗം പറഞ്ഞു.