സൽമാൻ ഖാൻ നായകനായ’ഖാമോഷി'(1996) എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകനായ സഞ്ജയ് ലീലാ ബൻസാലിയുടെ സിനിമാ അരങ്ങേറ്റം. ബൻസാലിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ ‘ഹം ദിൽ ദേ ചുകെ സനം’ (1999) എന്ന ചിത്രത്തിലും സൽമാൻ തന്നെയായിരുന്നു നായകൻ. സല്‍മാനും ഐശ്വര്യയും തകർത്തഭിനയിച്ച ചിത്രം ബോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റ് പ്രണയ ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു. നീണ്ട ഇടവേളക്ക് ശേഷം ഇരുവരും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്നാണ് ബി ടൗണിലെ പുതിയ വാർത്ത.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ബോളിവുഡിലെ സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും - സഞ്ജയ് ലീല ബൻസാലി
20 വർഷങ്ങൾക്ക് ശേഷം തന്‍റെ ആദ്യനായകൻ സല്‍മാൻ ഖാനൊപ്പം വീണ്ടുമൊരു സിനിമയുമായെത്തുകയാണ് സഞ്ജയ് ലീലാ ബൻസാലി. ഒരു പ്രണയ കഥയുമായാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
“എന്താണ് സഞ്ജയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമെന്നത് എപ്പോഴും കൗതുകമുളവാക്കുന്ന ഒന്നാണ്. 19 വർഷങ്ങൾക്ക് മുൻപ് ‘ഹം ദിൽ ദെ ചുകെ സനം’ സൃഷ്ടിച്ച മാജിക്ക് വീണ്ടും ആവർത്തിക്കാൻ അവർ വീണ്ടുമൊന്നിക്കുകയാണ്. മറ്റൊരു പ്രണയകഥയുമായി സൽമാൻ ഖാനും സഞ്ജയ് ലീലാ ബൻസാലിയും വീണ്ടുമെത്തുന്നു,” ബൻസാലി പ്രൊഡക്ഷൻസിന്‍റെസിഇഒ പ്രേർനാ സിംഗ് പത്രക്കുറിപ്പിൽ പറയുന്നു.
സെപ്തംബറില്‍ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2020 ലാവും തിയേറ്ററുകളിലെത്തുക. ‘ധബാങ്ക് 3’യുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമാവുംബൻസാലി ചിത്രത്തിൽ സൽമാൻ ജോയിൻ ചെയ്യുക എന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ നായികയടക്കമുള്ള താരങ്ങളുടെ കാര്യത്തിൽ തീരുമാനമാവുന്നതേയുള്ളൂ. സഞ്ജയ് ലീലാ ബൻസാലി തന്നെയാണ് ചിത്രത്തിന്‍റെ സംഗീതവും നിർവഹിക്കുന്നത്.