മലയാള സിനിമയില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പാര്‍വ്വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായെത്തിയ 'ഉയരെ'. ബോബി -സഞ്ജയ് ടീമിന്‍റെ തിരക്കഥയില്‍ നവാഗതനായ മനു അശോക് സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ തെന്നിന്ത്യൻ നടി സാമന്ത അക്കിനേനിയും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
'നീ ഞങ്ങളുടെ അഭിമാനമാണ് പാർവ്വതി'; ഉയരെ കണ്ട് സാമന്ത - uyare movie
ഏപ്രില്‍ 26ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്.
ഉയരെ കണ്ടു എന്ന് പറഞ്ഞ് കൊണ്ടാണ് സാമന്തയുടെ ട്വീറ്റ് ആരംഭിക്കുന്നത്. ‘ഉയരെ... പോയി കാണുക തന്നെ വേണം. അത് നിങ്ങളില്‍ ദേഷ്യമുണ്ടാക്കും, കരയിക്കും, ചിന്തിപ്പിക്കും, സ്‌നേഹിപ്പിക്കും, നിങ്ങളില്‍ പ്രതീക്ഷ വളര്‍ത്തും, പ്രചോദിപ്പിക്കും. നന്ദി പാര്‍വ്വതി. നീ ഞങ്ങളുടെ അഭിമാനമാണ്. സംവിധായകന്‍ മനു, തിരക്കഥാകൃത്തുക്കള്‍ ബോബി- സഞ്ജയ്, അണിയറപ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍,’ സാമന്ത കുറിച്ചു. സാമന്തയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഈ ട്വീറ്റ് പാര്‍വ്വതി റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആസിഡ് ആക്രമണത്തിനിരയായ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രമായാണ് പാര്‍വ്വതി ചിത്രത്തില്‍ വേഷമിട്ടത്. തന്‍റെ അഭിനയ ശൈലികൊണ്ടും കഥാപാത്രത്തിന്‍റെ കരുത്ത് കൊണ്ടും പാര്‍വ്വതി പല്ലവിയെ മികവുറ്റതാക്കി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രം കൂടിയായിരുന്നു 'ഉയരെ'. പി വി ഗംഗാധരന്‍റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേര്‍ഗ എന്നിവരാണ് ഗൃഹലക്ഷ്മിയുടെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചത്