ഇന്ത്യൻ കായിക രംഗത്തെ വാനോളമുയർത്തി കപില്‍ ദേവും സംഘവും നേടിയ 1983 ലെ ലോകക്കപ്പ് വിജയം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് '83'. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കപില്‍ ദേവ് ആയി എത്തുന്നത് രൺവീർ സിങ്ങാണ്. തന്‍റെ 34ാം പിറന്നാൾ ദിനത്തോടനുബന്ധിച്ച് ചിത്രത്തിലെ തന്‍റെ ലുക്ക് ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് രൺവീർ സിങ്ങ്.
പിറന്നാൾ ദിനത്തില്‍ '83'യിലെ ലുക്ക് പുറത്ത് വിട്ട് രൺവീർ സിങ്ങ് - ranveer birthday
കപില്‍ ദേവുമായി ഏറെ സാമ്യം തോന്നുന്ന ലുക്കാണ് ചിത്രത്തില്‍ താരത്തിന്‍റേതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്
കട്ടി മീശയും ചുരുളൻ മുടിയുമായി പന്ത് എറിയുന്ന രൺവീർ ആണ് ചിത്രത്തിലുള്ളത്. കപില്‍ ദേവുമായി ഏറെ സാമ്യം തോന്നുന്ന ലുക്കാണ് താരത്തിന്‍റേതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ആയുഷ്മാൻ ഖുറാന, ശിഖർ ധവാൻ ഉൾപ്പടെ നിരവധി പേരാണ് ലുക്കിനെ പ്രശംസിച്ചും രൺവീറിന് ജന്മദിനാശംസകൾ നേർന്നും ചിത്രത്തിന് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്.
ലണ്ടനിലും സ്കോട്ട്ലന്‍റിലെ ഗ്ലാസ്ഗോവിലുമായാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് രൺവീർ കപില്‍ ദേവിന്‍റെ വീട്ടില്‍ താമസിക്കുകയും അദ്ദേഹത്തില്‍ നിന്ന് പരിശീലനം നേടുകയും ചെയ്തിരുന്നു. കപില്‍ ദേവിന്‍റെ ഭാര്യ റോമി ഭാട്ടിയയായി ചിത്രത്തിലെത്തുന്നത് ദീപിക പദുക്കോണാണ്. വിവാഹശേഷം രൺവീറും ദീപികയും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രം കൂടിയാണ് '83'. 2020 എപ്രില്‍ 10-ന് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം.