കേരളം

kerala

ETV Bharat / sitara

മസില്‍ പെരുപ്പിച്ച് രജനി, തരംഗമായി തലൈവരുടെ പുതിയ അവതാരം - ദർബാർ സെക്കന്‍റ് ലുക്ക്

നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് രജനി എത്തുന്നത്.

രജനികാന്ത്

By

Published : Sep 13, 2019, 9:19 AM IST

രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മസില്‍ പെരുപ്പിച്ച് ഇരുമ്പ് കമ്പിയില്‍ കൈപിടിച്ച് നില്‍ക്കുന്ന താരത്തിന്‍റെ കലിപ്പ് ലുക്ക് സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.

'ചെറുപ്പക്കാരന്‍, മിടുക്കന്‍, തന്ത്രശാലി, ശാഠ്യക്കാരന്‍...തലൈവറിന്‍റെ ഇതുവരെ കാണാത്ത അവതാരം-'ദര്‍ബാറിന്‍റെ പുതിയ ചിത്രം പുറത്തുവിട്ട് സംവിധായകന്‍ മുരുഗദോസ് കുറിച്ചു. നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് രജനി എത്തുന്നത്. ഇരുപത്തിയേഴ് വര്‍ഷത്തിന് ശേഷമാണ് രജനികാന്തിന്‍റെ പൊലീസ് വേഷം വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഡിസിപി മണിരാജ് എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അടുത്ത വർഷം പൊങ്കൽ റിലീസായി ചിത്രം തിയേറ്ററിലെത്തും.

1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷമണിഞ്ഞത്. എസ് പി മുത്തുകുമരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാണ്ഡ്യന്‍ ഐ പി എസ് എന്നായിരുന്നു രജനിയുടെ കഥാപാത്രത്തിന്‍റെ പേര്. രജനിയും മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. എസ് ജെ സൂര്യ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സ് നിർമിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധാണ്.

ABOUT THE AUTHOR

...view details