കേരളം

kerala

ETV Bharat / sitara

കന്നടയുടെ അപ്പു,ത്രസിപ്പിച്ച് തിയേറ്ററുകളെ ഇളക്കിമറിച്ച സൂപ്പര്‍താരം ; പുനീതിന് വിട

പ്രമുഖ കന്നട താരം പുനീത് രാജ്‌കുമാറിന്‍റെ അപ്രതീക്ഷ വിയോഗത്തിന്‍റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമാലോകം

latest  Puneeth Rajkumar  news  latest news  entertainment  entertainment news  celebrity  celebrities  celebrities death
ഓര്‍മ്മയില്‍ പുനീത് രാജ്‌കുമാര്‍

By

Published : Oct 29, 2021, 4:03 PM IST

Updated : Oct 29, 2021, 5:29 PM IST

അപ്പു എന്ന ദ്വയാക്ഷരിയില്‍ കന്നട പ്രേക്ഷകര്‍ ചേര്‍ത്തുവച്ച സ്‌നേഹം ഏതളവിലെന്ന് പുനീതിന്‍റെ വിയോഗമുണ്ടായ വിക്രം ആശുപത്രിയുടെ പുറംകാഴ്‌ച സാക്ഷ്യം പറയും. നാടൊന്നാകെ ഒഴുകുകയാണ് പ്രിയനായകന് വിടയേകാന്‍.

വിഖ്യാത അഭിനേതാവായ അച്ഛന്‍ രാജ്‌കുമാര്‍ കന്നട ജനതയ്‌ക്ക് എന്തായിരുന്നോ അവര്‍ക്ക് അതായിരുന്നു പിന്നീട് പുനീതും. കൈമാറിക്കിട്ടിയ സ്നേഹത്തില്‍ ആവേശിതനായിരുന്നു പുനീത്. അത്രമേല്‍ തിയേറ്ററുകളെ ത്രസിപ്പിച്ച നടന്‍റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ എടുത്തുലച്ചു.

മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടി. ഫിലിം ഫെയര്‍ അവാര്‍ഡടക്കം അംഗീകാരങ്ങള്‍ നിരവധി. തിയേറ്ററുകളെ ത്രസിപ്പിച്ച് അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിച്ച് താരപ്രഭയോടെ കന്നട സിനിയമിലെ പവര്‍ സ്റ്റാറായി പുനീത്.

29 ചിത്രങ്ങളിലാണ് നായക വേഷമണിഞ്ഞത്. നടന്‍, പിന്നണി ഗായകന്‍, അവതാരകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലും പയറ്റിത്തെളിഞ്ഞു. ഫിറ്റ്‌നസ് ഫ്രീക്കര്‍ കൂടിയായി യുവാക്കളുടെ ഹരമായി.

രാജ്‌കുമാറിന്‍റെയും പര്‍വതമ്മ രാജ്‌കുമാറിന്‍റെയും അഞ്ച് മക്കളില്‍ ഏറ്റവും ഇളയവനായാണ് പുനീതിന്‍റെ ജനനം. സിനിമ സെറ്റുകളിലേക്ക് കുഞ്ഞുപുനീതിനെയും സഹോദരി പൂര്‍ണിമയെയും രാജ്‌കുമാര്‍ കൂടെക്കൂട്ടിയിരുന്നു. ഇതാണ് പുനീതിനെ വെള്ളിത്തിരയുടെ ഭാഗമാക്കിയത്. പുനീതിന്‍റെ സഹോദരന്‍ ശിവ രാജ്‌കുമാറും പ്രമുഖ നടനാണ്.

അച്ഛന്‍ രാജ്‌കുമാറിന്‍റെ കൈപിടിച്ച് സിനിമയില്‍ അരങ്ങേറിയ പുനീത് കന്നടയിലെ ഏറ്റവും ഉയര്‍ന്ന താരമൂല്യമുള്ള നടനായി വളര്‍ന്നു. ആറ് മാസം പ്രായം ഉള്ളപ്പോഴാണ് പുനീത് അരങ്ങേറുന്നത്. 1976ല്‍ രാജ്‌കുമാറിനെ നായനാക്കി വി. സോമശേഖര്‍ ഒരുക്കിയ ത്രില്ലര്‍ ചിത്രമായിരുന്നു ('പ്രേമഡ കണികെ') ഇത്.

വിജയുടെ 'സനാടി അപ്പന്ന' (1977) യില്‍ ഒരു വയസ്സുള്ള പുനീത് ക്യാമറയ്ക്ക് മുന്നിലെത്തി. വീണ്ടും പിതാവ് നായകനായ വി.സോമശേഖറിന്‍റെ 'ടതയിഗേ തക്ക മഗട' (1978) എന്ന ചിത്രത്തില്‍ മുഖം കാണിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വാസന്ത ഗീത (1980) ലും വേഷമിട്ടു. പിന്നീട് കെ.എസ്.എല്‍ സ്വാമിയുടെ പുരാണ ചിത്രമായ 'ഭൂമിഗെ ബന്‍ഡെ 'ഭാഗ്യവന്ത' (1981) എന്ന ചിത്രത്തില്‍ ഭഗവാന്‍ കൃഷ്‌ണനായി കുഞ്ഞ് പുനീത് പ്രത്യക്ഷപ്പെട്ടു. വാസന്ത ഗീത (1980), ചലിസുവ മൊടഗലു (1982), യേരടു നക്ഷത്രഗളു (1983), ഭക്ത പ്രഹളദ, യരിവാണു, ബെറ്റട ഹൂവു(1985) എന്നീ ചിത്രങ്ങളിലെ അഭിനയ മികവിലൂടെ പുനീത് തന്‍റെ ബാല്യം സിനിമയില്‍ അടയാളപ്പെടുത്തി.

ടി.ജി.ലിങ്കപ്പ രചിച്ച 'ബാനാ ദാരിയല്ലി സൂര്യ' എന്ന ശ്രദ്ധേയമായ ഗാനമായിരുന്നു പുനീതിന്‍റെ ആദ്യ റെക്കോര്‍ഡഡ് ഗാനം. പിതാവിനൊപ്പം 1982ല്‍ പുറത്തിറങ്ങിയ 'ചലിസുവ മൊഡഗലു', 'ഹൊസ ബേലകു' എന്നിവയായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ ഹിറ്റ് ചിത്രങ്ങള്‍. 'ഭക്ത പ്രഹളദ', 'യേരടു നക്ഷത്രഗളു' എന്നീ രണ്ട് പുരാണ ചിത്രങ്ങളില്‍ കൂടി 1983ല്‍ പുനീത് വേഷമിട്ടു.

'ബെറ്റട ഹൂവി'ലെ രാമു എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് പുനീത് അര്‍ഹനായി. ചലിസുവ മൊടഗലു, യേരടു നക്ഷത്രഗലു എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് മികച്ച ബാല താരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരവും ലഭിച്ചു.

Also Read: BREAKING : കന്നഡ നടൻ പുനീത് രാജ്‌കുമാര്‍ അന്തരിച്ചു

1984ല്‍ പിതാവിനൊപ്പം 'യാരിവന്‍' എന്ന ചിത്രത്തിലും അദ്ദേഹം വേഷമിട്ടു. ഈ ചിത്രത്തിന് വേണ്ടി 'കണ്ണിഗെ കണ്ണുവാ' എന്ന ഗാനവും പുനീത് പാടി. ബാലതാരമായി അഭിനയിക്കവെ പുനീതിന്‍റെ ഏറ്റവും വലിയ കരിയര്‍ ബ്രേക്കായിരുന്നു 1985ല്‍ പുറത്തിറങ്ങിയ 'ബെറ്റട ഹൂവു'.

ഈ ചിത്രത്തിലെ മികവുറ്റ അഭിനയ പ്രകടനത്തിന് പുനീതിന് മികച്ച ബാലതാരത്തിനുള്ള 33ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. മൂത്ത സഹോദരനൊപ്പം 'ശിവ മെക്കിട കണ്ണപ്പ' (1988)യിലും അഭിനയിച്ചു. പിതാവിനൊപ്പം 1989ല്‍ വേഷമിട്ട 'പരശുറാം' ആയിരുന്നു പുനീത് അവസാനമായി ബാലതാരമായി എത്തിയത്.

പുരി ജഗനാഥ് സംവിധാനം ചെയ്‌ത 'അപ്പു' ആണ് പുനീത് ആദ്യമായി നായകവേഷമണിഞ്ഞ ചിത്രം. ഒരു കോളജ് പയ്യന്‍റെ വേഷത്തിലെത്തിയ പുനീതിന്‍റെ ഈ ചിത്രത്തിന് മികച്ച ബോക്‌സ് ഓഫിസ് കളക്ഷന്‍ ലഭിച്ചു. ചിത്രത്തിലെ പുനീതിന്‍റെ നൃത്തച്ചുവടുകളും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഉപേന്ദ്രയുടെ വരികള്‍ക്ക് ഗുരുകിരണിന്‍റെ സംഗീതത്തില്‍ പിറന്ന 'താലിബാന്‍ അല്ല അല്ല' എന്ന ഗാനവും പുനീത് ആലപിച്ചിരുന്നു.

പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 2003ല്‍ 'അഭി', 'വീര കന്നഡിഗ' (2004), മൗര്യ (2004), ആകാഷ് (2005), അജയ് (2006),അരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കി (2010), ഹുഡുഗരു (2011), രാജകുമാര (2017), അഞ്ചനി പുത്ര (2017) എന്നിവയും അദ്ദേഹത്തിന്‍റെ മികച്ച ചിത്രങ്ങളാണ്.

2003ല്‍ ദിനേശ് ബാബുവിന്‍റെ 'അഭി' എന്ന ചിത്രത്തിലാണ് അദ്ദേഹം നായകനായെത്തിയത്. മെഹര്‍ രമേശിന്‍റെ 'വീര കന്നഡിഗ' ആയിരുന്നു 2004ലെ പുനീതിന്‍റെ ആദ്യ റിലീസ് ചിത്രം. 'അമ്മ നന്ന ഒ തമില അമ്മായി' എന്ന തെലുങ്ക് ചിത്രത്തിന്‍റെ റീമേക്കായ 'മൗര' യിലായിരുന്നു പുനീത് പിന്നീട് വേഷമിട്ടത്.

മഹേഷ് ബാബുവിന്‍റെ 'ആകാശ്', വീര ശങ്കറുടെ ആക്ഷന്‍ ചിത്രം 'നമ്മ ബസവ' എന്നീ ചിത്രങ്ങളാണ് 2005ല്‍ റിലീസായത്. ഈ രണ്ട് ചിത്രങ്ങളിലും അദ്ദേഹം ഗാനം ആലപിച്ചിരുന്നു. 'അജയ്' ആയിരുന്നു 2006ല്‍ റിലീസായ അദ്ദേഹത്തിന്‍റെ ഏക ചിത്രം. 'ഒക്കടു' എന്ന തെലുങ്കുചിത്രത്തിന്‍റെ റീമേക്കില്‍ ഒരു പ്രൊഫഷണല്‍ കബടി കളിക്കാരനായാണ് അദ്ദേഹം വേഷമിട്ടത്. ഈ ചിത്രത്തിന് ശേഷമാണ് അദ്ദേഹത്തിന് 'പവര്‍സ്‌റ്റാര്‍ ഓഫ് സാന്‍ഡല്‍വുഡ്' എന്ന വിളിപ്പേര് ലഭിച്ചത്.

'അരസു' ആയിരുന്നു 2007ലെ പുനീതിന്‍റെ ആദ്യ റിലീസ്. 'വംശി', 'ബിന്‍ദാസ്' എന്നിവയാണ് 2008ല്‍ താരത്തിന്‍റേതായി പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങള്‍. 'രാജ്: ദ ഷോമാന്‍' ആണ് 2009ല്‍ റിലീസ് ചെയ്ത പുനീത് ചിത്രം. പ്രേമിന്‍റെ സംവിധാനത്തില്‍ പിറന്ന ഈ ചിത്രത്തിലെ പുനീതിന്‍റെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

പ്രിയാമണിക്കൊപ്പമുള്ള 'റാം' എന്ന ചിത്രവും അദ്ദേഹത്തിന്‍റെ മറ്റൊരു സൂപ്പര്‍ ഹിറ്റായിരുന്നു. 2010 ഹിറ്റുകളുടെ കാലമായിരുന്നു അദ്ദേഹത്തിന്. അതില്‍ ആദ്യത്തേത് പൊളിറ്റിക്കല്‍ ത്രില്ലറായ 'പൃഥ്വി' ആയിരുന്നു. ആക്ഷന്‍ ചിത്രം 'ജാക്കി' യും അദ്ദേഹത്തിന്‍റെ ഹിറ്റ് ലിസ്‌റ്റില്‍ ഇടംപിടിച്ചു. ജാക്കിയുടെ അഭിനയത്തിന് നിറഞ്ഞ കയ്യടി ലഭിച്ചു. ചിത്രത്തിലെ താരത്തിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ക്കും, നൃത്തച്ചുവടുകള്‍ക്കും അഭിനന്ദന പ്രവാഹമായിരുന്നു.

2017ല്‍ പുറത്തിറങ്ങിയ സന്തോഷ് ആനന്ദ്രമ്മിന്‍റെ 'രാജകുമാരാ' താരത്തിന്‍റെ അതുവരെയുള്ള ബോക്‌സ്‌ ഓഫിസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു. കന്നട സിനിമയിലെ തന്നെ അതുവരെ ഉണ്ടായിരുന്ന 'മുങ്കര മെയില്‍' എന്ന ചിത്രത്തിന്‍റെ റെക്കോര്‍ഡാണ് 'രാജകുമാരാ' ഭേദിച്ചത്.

മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ കന്നട ചിത്രം 'മൈത്രി' യില്‍ അതിഥി താരമായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 'യുവരത്ന'യാണ് അദ്ദേഹത്തിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Last Updated : Oct 29, 2021, 5:29 PM IST

ABOUT THE AUTHOR

...view details