മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫറും’ മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ വൈശാഖ് ഒരുക്കുന്ന ‘മധുരരാജ’യും റിലീസിനൊരുങ്ങുമ്പോൾ സൂപ്പർസ്റ്റാറുകളുടെ ആരാധകരും ഉത്സാഹത്തിലാണ്. ഏറെ നാളുകൾക്ക് ശേഷമാണ് ഇരു സൂപ്പർതാരങ്ങളുടെയും മാസ് എന്‍റർടെയ്നർ പടങ്ങൾ പ്രദർശനത്തിനെത്തുന്നത്. രണ്ട് ചിത്രങ്ങളും അടുത്തടുത്ത ആഴ്ചകളിലായാണ് റിലീസിനെത്തുന്നത് എന്നതും ആരാധകരുടെ ആകാംക്ഷ വർധിപ്പിക്കുന്നു.
രാജയുടെ മൂന്നാം ഭാഗത്തിന് സൂര്യയേയും വിളിക്കണേ; വൈശാഖിനോട് പൃഥ്വിരാജ് - പ്രഥ്വിരാജ്
‘മധുരരാജ’യുടെ ആദ്യഭാഗം ‘പോക്കിരിരാജ’യിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരാണ് സൂര്യ എന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന രാജയുടെ അനിയൻ വേഷത്തിലായിരുന്നു ചിത്രത്തിൽ പൃഥ്വി അവതരിപ്പിച്ചിരുന്നത്.
സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ലൂസിഫറിന്‍റെ ട്രെയിലറും മധുരരാജയുടെ ടീസറും മണിക്കൂറുകൾ കൊണ്ടാണ് റെക്കോർഡ് ലൈക്കും വ്യൂസും നേടിയത്. ‘ലൂസിഫറി’ന്‍റെ ട്രെയിലർ ഷെയർ ചെയ്ത സംവിധായകൻ വൈശാഖിന് പൃഥ്വിരാജ് നൽകിയ കമന്‍റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
‘ലൂസിഫറി’ന്‍റെ ട്രെയിലർ ഷെയർ ചെയ്ത വൈശാഖിനോട് നന്ദി പറഞ്ഞതിനൊപ്പം വൈശാഖിന്‍ റെ‘മധുരരാജ’യ്ക്ക് ആശംസകൾ നേരാനും പൃഥ്വി മറന്നില്ല. ഒപ്പം വൈശാഖിനോടായി ചെറിയൊരു അഭ്യർത്ഥനയും. “മൂന്നാം ഭാഗത്തിന് സൂര്യയേയും വിളിക്കണേ…” എന്നാണ് കൈക്കൂപ്പി ചിരിയോടെ പൃഥ്വിയുടെ അഭ്യർത്ഥന.
മധുരരാജയുടെ ആദ്യ ഭാഗമായ ‘പോക്കിരിരാജ’യിലെ മമ്മൂട്ടിയുടെയും പൃഥ്വിരാജിന്‍റെയും ചേട്ടൻ- അനിയൻ കോമ്പിനേഷൻ ഏറെ ശ്രദ്ധിക്കപ്പെടുകയും ചിത്രം ബോക്സ് ഓഫീസിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു. വിജയ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ പ്രേക്ഷകർ ഏറെ ചോദിച്ച ചോദ്യങ്ങളിലൊന്ന് രണ്ടാം ഭാഗത്തിലും പൃഥ്വിരാജ് ഉണ്ടാകുമോ എന്നാണ്. എന്നാൽ മധുരരാജയിൽ താനില്ലെന്നും അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ആരും ക്ഷണിച്ചിരുന്നില്ലെന്നും പൃഥ്വിരാജ് മുൻപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.