മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ തിയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദർശനം തുടരുകയാണ്. മലയാളത്തില്‍ നിന്നും ആദ്യമായി 200 കോടി ക്ലബില്‍ കയറുന്ന ചിത്രമെന്ന ചരിത്ര നേട്ടവും ലൂസിഫർ കൈവരിച്ചിരുന്നു. എന്നാല്‍ ചിത്രത്തിലെ ഐറ്റം ഡാൻസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമർശനമുയർന്നിരുന്നു. ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് പൃഥ്വിരാജ്.
'ഡാൻസ് ബാറില്‍ ഓട്ടം തുള്ളല്‍ കാണിക്കാൻ പറ്റുമോ?'; വിമർശനങ്ങൾക്ക് മറുപടിയുമായി പൃഥ്വിരാജ് - പൃഥ്വിരാജ്
സ്ത്രീവിരുദ്ധതയെ മഹത്വവല്‍ക്കരിക്കുന്നതൊന്നും തന്‍റെ ചിത്രങ്ങളില്‍ ഉണ്ടാവില്ലെന്ന പൃഥ്വിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് ലൂസിഫറിലെ ഐറ്റം ഡാൻസ് എന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.
''ഗ്ലാമറസ് വസ്ത്രങ്ങൾ ധരിച്ചുള്ള സ്ത്രീയുടെ നൃത്തം ചിത്രത്തില്‍ ഉണ്ടായത് എങ്ങനെയാണ് സ്ത്രീകളെ തരംതാഴ്ത്തുന്ന തരത്തില്‍ സംസാരിക്കുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന എന്‍റെ പ്രസ്താവനക്ക് വിരുദ്ധമാകുന്നതെന്ന് മനസ്സിലാകുന്നില്ല. മുംബൈയിലെ ഡാൻസ് ബാർ എങ്ങനെയാണെന്ന് കാണിക്കുന്ന സീനില്‍ ഓട്ടം തുള്ളല്‍ ചിത്രീകരിച്ചാല്‍ അഭംഗിയാകില്ലേ'', പൃഥ്വിരാജ് ചോദിക്കുന്നു. ഒരു ഡാൻസ് ബാർ രംഗവും തന്‍റെ പ്രസ്താവനയും തമ്മില്‍ ബന്ധിപ്പിക്കാൻ എങ്ങനെ സാധിക്കുമെന്നും പൃഥ്വി ചോദിക്കുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെ കുറിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ലെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.
ലൂസിഫറിന്‍റെ അവസാനഭാഗത്തെ നിർണായക രംഗങ്ങളുടെ പശ്ചാത്തലമായാണ് ഐറ്റം ഡാൻസ് ചിത്രത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ജ്യോത്സന ആലപിച്ച ഗാനത്തിന് വാലുച ഡിസൂസയാണ് ചുവട് വച്ചത്.