2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ, ജനങ്ങൾക്ക് സന്ദേശസൂചകമായി രണ്ട് ഹ്രസ്വ ചിത്രങ്ങൾ പുറത്ത് വിട്ട് സംവിധായകൻ പാ രഞ്ജിത്ത്.
ശക്തമായ രാഷ്ട്രീയം പറഞ്ഞ് പാ രഞ്ജിത്തിന്‍റെ ഹ്രസ്വ ചിത്രങ്ങൾ
വോട്ട് ഔട്ട് ഹേറ്റ് എന്ന ഹാഷ്ടാഗോടെയാണ് ചിത്രങ്ങൾ യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.
സ്വന്തം ഉടമസ്ഥതയിലുള്ള നീലം പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ പാ രഞ്ജിത്ത് തന്നെയാണ് ഹ്രസ്വ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നതും. രാജേഷ് രാജാമണി സംവിധാനം ചെയ്ത 'ലവേഴ്സ് ഇൻ ദ ആഫ്ടർനൂൺ' ആണ് ആദ്യ ചിത്രം. ബീഫ് എന്നത് നമ്മുടെ നിത്യജീവിതത്തില്‍ എത്രത്തോളം പ്രധാനമാണെന്നാണ് ഈ ഹ്രസ്വ ചിത്രം തുറന്ന് കാട്ടുന്നത്. ജെനി ഡിയോൾ ഒരുക്കിയ 'ഷെയർ ഓട്ടോ' ആണ് രണ്ടാം ചിത്രം. സമൂഹത്തിലെ ജാതി-മത-വർണ വിവേചനത്തിനെതിരെയുള്ളതാണ് ചിത്രം. ആളുകളെ കുത്തിനിറച്ച് പോകുന്ന ഓട്ടോയുടെ ഒരു സാദാ തമിഴ്നാട് കാഴ്ചയിലൂടെയാണ് സംവിധായകൻ ഈ ആശയം അവതരിപ്പിച്ചിരിക്കുന്നത്.
തന്‍റെ സിനിമകളിലൂടെ ശക്തമായ രാഷ്ട്രീയം പറയുന്ന സംവിധായകനാണ് പാ രഞ്ജിത്ത്. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് അഭ്യർത്ഥിച്ച് ആർട്ടിസ്റ്റ് യുണൈറ്റഡ് ഇന്ത്യയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഒപ്പിട്ട സിനിമാ പ്രവർത്തകരുടെ കൂട്ടത്തില്‍ പാ രഞ്ജിത്തും ഉണ്ടായിരുന്നു.