ഒരു നീണ്ട ഇടവേളക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന 'ഒരു യമണ്ടൻ പ്രേമകഥ' നാളെ തിയറ്ററുകളിലെത്തുകയാണ്. നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ രണ്ടാമത്തെ ടീസർ പുറത്തുവിട്ടു. മണ്‍മറഞ്ഞുപോയ അതുല്ല്യ സംഗീത സംവിധായകൻ ജോണ്‍സണ്‍ മാഷിനെ ഓർമ്മിപ്പിച്ചുകൊണ്ടാണ് പുതിയ ടീസർ എത്തിയിരിക്കുന്നത്.
മഴ,ചായ, ജോണ്‍സണ്‍ മാഷ്...പിന്നെ ദുൽഖറും! 'ഒരു യമണ്ടൻ പ്രേമകഥ'യുടെ രണ്ടാമത്തെ ടീസറെത്തി - teaser
നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രം നാളെ തിയറ്ററുകളിലെത്തും.
1985ൽ ഇറങ്ങിയ ഒരു കുടക്കീഴിൽ എന്ന ചിത്രത്തിലെ ജോണ്‍സണ്‍ മാഷ് ഈണമിട്ട 'അനുരാഗിണി ഇതാ എൻ കരളിൾ' എന്ന ഗാനമാണ് ടീസറിൻ്റെ പശ്ചാത്തലം. കോരിച്ചൊരിയുന്ന മഴയത്ത് ചൂടുചായയും കുടിച്ച് ജോണ്‍സണ്‍ മാഷിൻ്റെ സംഗീതവും ആസ്വദിച്ചുകൊണ്ട് നിൽക്കുന്ന ദുൽഖറിനെ ടീസറിൽ കാണാം.
നാട്ടിപുറത്തുകാരനായ ലല്ലു എന്ന കഥാപാത്രമായാണ് യമണ്ടൻ പ്രേമകഥയിൽ ദുൽഖർ എത്തുന്നത്. ബിബിൻ ജോർജ്ജും വിഷ്ണു ഉണ്ണികൃണഷ്നും ചേർന്ന് തിരക്കഥയൊരുക്കുന്ന ഈ റൊമാൻ്റിക് കോമഡി ചിത്രത്തിന് സംഗീതമൊരുക്കുന്നത് നാദിർഷയാണ്. സംയുക്ത മേനോനും നിഖില വിമലുമാണ് നായികമാർ. സൗബിൻ ഷാഹിർ, ധർമജൻ ബോൾഗാട്ടി, സലീം കുമാർ, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, രഞ്ജി പണിക്കർ, അശോകൻ, ലെന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.