തിരുവനന്തപുരം : തിയേറ്ററുകൾ തുറന്നതോടെ പ്രേക്ഷകരുടെ ആവേശവും സിനിമാ വ്യവസായത്തിന്‍റെ ജീവനും തിരിച്ചുപിടിക്കാൻ വഴിയൊരുക്കി ഒരുപിടി ചിത്രങ്ങൾ. നീണ്ട ഇടവേളയ്ക്കുശേഷം തിയേറ്ററുകൾ തുറന്ന ബുധനാഴ്ച തന്നെ ആശങ്കയില്ലാതെ പ്രേക്ഷകരെത്തിയത് സിനിമാവ്യവസായത്തിന് നൽകുന്ന ഉണർവ് ചെറുതല്ല.
ജെയിംസ് ബോണ്ട് ചിത്രം നൊ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ബുധനാഴ്ച പ്രദർശിപ്പിച്ചത്. തമിഴ് യുവതാരം ശിവ കാർത്തികേയൻ നായകനായ ഡോക്‌ടര്‍ വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. സ്റ്റാർ, ക്യാബിൻ, മിഷൻ സി തുടങ്ങിയ ചിത്രങ്ങൾ വെള്ളിയാഴ്ചയുമെത്തും.
നവംബർ നാലിനാണ് താരരാജാവ് രജനികാന്തിന്‍റെ മാസ്സ് ചിത്രം അണ്ണാത്തെ റിലീസിനെത്തുന്നത്. ഇതോടെ സംസ്ഥാനത്തെ തിയേറ്ററുകൾ പഴയപടി സജീവമാകുമെന്നാണ് കണക്കുകൂട്ടൽ.
വെള്ളിത്തിരയിൽ പ്രതീക്ഷയുടെ പൂക്കാലം മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതകഥ പറയുന്ന ദുൽഖർ സൽമാന്‍ ചിത്രം കുറുപ്പ്. നവംബർ 12നാണ് സിനിമ തിയേറ്ററുകളിലെത്തുക.
തിയേറ്ററുകളിലേക്ക് വലിയതോതിൽ പ്രേക്ഷകർ എത്തിയാലേ രണ്ടുവർഷത്തോളം അടഞ്ഞുകിടന്നതുമൂലമുണ്ടായ കനത്ത നഷ്ടം നികത്താനാകൂവെന്നാണ് തിയേറ്റര്‍ ഉടമകളുടെ കണക്കുകൂട്ടല്‍.
പ്രവർത്തിക്കാത്ത കാലത്തും മെയിന്‍റനൻസിനായി ശരാശരി 50 ലക്ഷം രൂപ വരെ ചെലവിട്ടതിന്‍റെ ഭാരവും ഇവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ലാഭത്തിലേക്ക് എത്തണമെങ്കിൽ രണ്ടോ മൂന്നോ വൻകിട ചിത്രങ്ങൾ തുടർച്ചയായി എത്തുകയും വിജയിക്കുകയും വേണമെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.
Also Read:നോ ടൈം റ്റു ഡൈ,വെനം 2 എന്നിവയില്‍ തുടക്കം ; രണ്ടുഡോസുകാര്‍ മാത്രം പ്രായോഗികമല്ലെന്ന് ഉടമകൾ