സൗത്ത് ആന്തം എന്ന പേരിൽ നെറ്റ്ഫ്ലിക്സ് കഴിഞ്ഞദിവസം പുറത്തുവിട്ട സൗത്ത് ഇന്ത്യൻ റാപ്പിന് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. നമ്മ സ്റ്റോറീസ് എന്ന പേരിലാണ് പുതിയ മ്യൂസിക് വീഡിയോ നെറ്റ്ഫ്ലിക്സിന്‍റെ യൂട്യൂബ് പേജിൽ പുറത്തിറങ്ങിയത്. പാട്ടിൽ നീരജ് മാധവ് റാപ് പാടുന്ന ഭാഗത്തിലെ സബ്ടൈറ്റിലാണ് വിമർശനം.
'എവിടെ പോയാലും ഞാൻ മിണ്ടും മലയാളത്തിൽ..പൊറോട്ടേം ബീഫും ഞാൻ തിന്നും അതികാലത്ത്' എന്ന് നീരജ് മാധവ് പാടുന്ന വരിയിലെ സബ്റ്റൈറ്റിലിൽ ബീഫിന് പകരം ബിഡിഎഫ് എന്നാണ് നെറ്റ്ഫ്ലിക്സ് കൊടുത്തിരിക്കുന്നത്. ബീഫ് എന്ന് സബ്ടൈറ്റിലിൽ കൊടുത്താൽ വികാരം വ്രണപ്പെടുമോ എന്ന് പേടിച്ചിട്ടാണോ ബിഡിഎഫ് എന്ന് സബ്ടൈറ്റില്‍ നല്‍കിയത് എന്നാണ് സമൂഹമാധ്യമത്തിൽ വിമർശനം ഉയരുന്നത്. ബിഡിഎഫ് എന്നാൽ ബീഫ് ഡ്രൈ ഫ്രൈ എന്നതിന്‍റെ ചുരുക്കപ്പേരാണെന്നും ചിലർ ആക്ഷേപ രൂപേണ പറയുന്നുണ്ട്.
ദക്ഷിണേന്ത്യക്കാരെ പ്രത്യേകം പരിഗണിക്കുന്നുണ്ട് എന്ന് കാണിക്കാനാണ് റാപ് ഒരുക്കിയത്. എന്നാൽ ബീഫിന്‍റെ കാര്യം വന്നപ്പോൾ നെറ്റ്ഫ്ലിക്സ് ചേരി മാറി. ബീഫ് എന്ന് ഗാനത്തിൽ വ്യക്തമായി കേൾക്കാമെങ്കിലും രണ്ട് സബ്ടൈറ്റിലിലും അത് ബിഡിഎഫ് എന്നാണ് നൽകിയിരിക്കുന്നത്.