നിവിൻ പോളിയുടെ പിറന്നാൾ ദിവസം യുവതാരത്തിന് സംവിധായിക നൽകുന്ന സമ്മാനം 'മൂത്തോന്‍റെ' ട്രെയ്‌ലറാണ്. നാളെ താരത്തിന്‍റെ ജന്മദിനത്തിൽ മൂത്തോൻ ട്രെയ്‌ലർ കോളിവുഡിന്‍റെ പ്രിയ താരം ധനുഷാണ് റിലീസ് ചെയ്യുന്നത്. സംവിധായിക ഗീതു മോഹൻദാസ് ട്രെയ്‌ലർ റിലീസിനെക്കുറിച്ച് നേരത്തെ അറിയിച്ചിരുന്നു.
ഇതിന്‍റെ ടീസറും പോസ്റ്ററുകളും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. വമ്പൻ താര നിരയാലും അണിയറ പ്രവർത്തകരുടെ പ്രശസ്‌തിയാലും പ്രതീക്ഷയോടെയാണ് കാണികൾ മൂത്തോനെ കാത്തിരിക്കുന്നത്. ടൊറന്‍റോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്‍റെ പ്രീമിയറിന് ലഭിച്ച പ്രതികരണവും മലയാളത്തിലെ മറ്റൊരു സൂപ്പർ ഹിറ്റിന്‍റെ സൂചന നൽകുന്നുണ്ട്. നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് ചിത്രമായിരിക്കും മൂത്തോനെന്നും ടീസറുകൾ പറയുന്നു.
പിറന്നാൾ സമ്മാനമായി നിവിൻ പോളിക്ക് മൂത്തോൻ - Moothon Malayalam film trailer
ഗീതു മോഹൻദാസ് സംവിധാനം ചെയ്‌ത മൂത്തോൻ സിനിമയുടെ ട്രെയ്‌ലർ പ്രശസ്‌ത കോളിവുഡ് താരം ധനുഷ് റിലീസ് ചെയ്യും.
ഗീതു മോഹൻദാസ്, അനുരാഗ് കശ്യപ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച സിനിമയുടെ റിലീസ് അടുത്ത മാസം ആദ്യ വാരം തന്നെ തീയറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്. മലയാളത്തിൽ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. സംവിധായികയുടെ കരിയറിൽ രണ്ടാമത്തെ ഫീച്ചർ ഫിലിമായ മൂത്തോൻ മുംബൈയിൽ തന്‍റെ മൂത്ത സഹോദരനെ തേടി എത്തുന്ന ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍റെയും മൂത്ത സഹോദരന്‍റെയും കഥയിലൂടെ ചലിക്കുന്നു.
നിവിൻ പോളിയ്ക്കൊപ്പം സഞ്ജന ദിപു, ശശാങ്ക് അറോറ, ദിലീഷ് പോത്തൻ, ശോഭിത ധുലിപാല, റോഷൻ മാത്യു, സുജിത് ശങ്കർ, ഹാരിഷ് ഖന്ന, വിപിൻ ശർമ്മ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
മിനി സ്റ്റുഡിയോയുടെയും ജാർ പിക്ചേഴ്സിന്‍റെയും ബാനറിൽ അനുരാഗ് കശ്യപ്, എസ്. വിനോദ് കുമാർ, അജയ് ജി. റായ്, അലെൻ മക്ലെക്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.