മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജിൻ്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫര്‍. മാര്‍ച്ച് മാസം അവസാനത്തോടെ ലൂസിഫര്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. അതിനിടയില്‍ ചിത്രത്തിൻ്റെ കഥയേയും ചില രംഗങ്ങളേയും സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ ചിത്രത്തിലെ നായകനായ മോഹന്‍ലാല്‍ തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
ഒരിക്കലും ശമിക്കാത്ത കള്ളപ്രചരണങ്ങള്‍ നിര്‍ത്തൂ, എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ചിത്രത്തിൻ്റെ ഇന്‍ട്രോ സീന്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സ്‌ക്രീന്‍ ഷോട്ടും പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട് മോഹന്‍ലാല്‍. 'കോരിച്ചൊരിയുന്ന മഴയായിരുന്നു. ഇടത്തെ കയ്യില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുന്നു. സൈലൻ്റ് മോഡില്‍ സ്റ്റീഫൻ്റെ കൈകളില്‍ നിന്നും രക്തത്തുള്ളികള്‍ ഇറ്റു വീഴുന്ന ശബ്ദം മാത്രം. (ബിജിഎം) (ബാക് ഷോട്ട്). അത് കഴിഞ്ഞു 666 അംബാസ്സഡറില്‍ കയറി ദൈവത്തിനരികിലേക്കയച്ച ആ മനുഷ്യനെ സ്റ്റീഫന്‍ ഒന്ന് തിരിഞ്ഞു നോക്കുന്നുണ്ട്. (ലോങ് ഷോട്ട്).' എജ്ജാതി ഐറ്റം. ഇതാണ് ഇന്‍ട്രോ' എന്നാണ് ആ സ്‌ക്രീന്‍ ഷോട്ടില്‍ പറയുന്നത്.
മോഹൻലാൽ ഷെയർ ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റ് ചിത്രത്തിൻ്റെസംവിധായകനായ പൃഥിരാജും തിരക്കഥാകൃത്തായ മുരളി ഗോപിയുമെല്ലാം 'സ്റ്റോപ്പ് ലൂസിഫർ റൂമർസ്' എന്ന ഹാഷ് ടാഗോടെ വ്യാജ പ്രചരണത്തിനെതിരെ രംഗത്തുണ്ട്. വലിയ മുതല്‍മുടക്കില്‍ ഒരുക്കിയ ലൂസിഫര്‍ ആറുമാസത്തോളം നീണ്ട ചിത്രീകരണത്തിനു ശേഷമാണ് തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. പൃഥ്വിരാജിൻ്റെ കന്നി സംവിധാനസംരംഭം എന്ന രീതിയില്‍ മാത്രമല്ല, വലിയ താരനിരയുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാകുകയാണ് ലൂസിഫര്‍.
സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന രാഷ്ട്രീയ നേതാവിനെയാണ് ചിത്രത്തിൽ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, മംമ്താ മോഹന്‍ദാസ്, സായ്കുമാര്‍, ഇന്ദ്രജിത്ത് സുകുമാരൻ, കലാഭവന്‍ ഷാജോണ്‍, സച്ചിന്‍ കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോന്‍, ബാബുരാജ്, സാനിയ അയ്യപ്പന്‍, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ആൻ്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.