മലയാളത്തിൻ്റെപ്രിയതാരം മോഹൻലാലിൻ്റെപദ്മഭൂഷണ്‍ പുരസ്കാര നേട്ടത്തിൽ സന്തോഷം പങ്കിട്ട് മരയ്ക്കാർ ടീം. ബോളിവുഡ് താരം സുനിൽ ഷെട്ടിയാണ് ആഘോഷത്തിൻ്റെ ചിത്രങ്ങൾ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. സുനിൽ ഷെട്ടിയും മരയ്ക്കാറിൽ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡൽഹിയിൽ വച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ പുരസ്കാരമായ പദ്മഭൂഷണ്‍ മോഹൻലാൽ ഏറ്റുവാങ്ങിയത്. മലയാള സിനിമയിൽ പ്രേം നസീറിനു ശേഷം പദ്മഭൂഷണ്‍ ലഭിക്കുന്ന നടൻ കൂടിയാണ് മോഹൻലാൽ.
പ്രിയദർശൻ്റെസംവിധാനത്തിൽ ഒരുങ്ങുന്ന 'മരയ്ക്കാർ: അറബിക്കടലിൻ്റെ സിംഹം' എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. സുനിൽ ഷെട്ടിക്കും മോഹൻലാലിനുമൊപ്പം സംവിധായകൻ പ്രിയദർശൻ, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൾ, നടൻ നെടുമുടി വേണു എന്നിവരും ആഘോഷങ്ങളിൽ പങ്കെടുത്തു. സിനിമയിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങൾക്കൊപ്പം പ്രവൃത്തിക്കാൻ സാധിച്ചതിൽ താൻ ഭാഗ്യവാനാണെന്ന് ചിത്രങ്ങൾക്കൊപ്പം സുനിൽ ഷെട്ടി കുറിച്ചു.
മഞ്ജു വാര്യരാണ് മരയ്ക്കാറിൽ നായികയായെത്തുന്നത്. മധു, തമിഴ് താരം പ്രഭു, അർജുൻ സർജ, മുകേഷ്, പ്രണവ് മോഹൻലാൽ, കല്ല്യാണി പ്രിയദർശൻ തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.