ഇന്ത്യയുടെ ചൊവ്വാ ദൗത്യമായിരുന്ന മിഷൻ മംഗൾയാന്‍റെ കഥ പറയുന്ന ‘മിഷൻ മംഗൾ’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. അക്ഷയ് കുമാർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ തപ്സി പന്നു, വിദ്യാ ബാലൻ, സൊനാക്ഷി സിൻഹ, നിത്യ മേനോൻ, കൃതി കുൽഹാരി, ശർമൻ ജോഷി എന്നിവരാണ് മറ്റ് താരങ്ങൾ. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞരുടെ വേഷത്തിലാണ് ഇവർ എത്തുന്നത്.
ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് ആദരം അർപ്പിച്ച് ‘മിഷൻ മംഗൾ’ ട്രെയിലർ
രാകേഷ് ധവാൻ എന്ന ഐഎസ്ആർഓയിലെ മുതിർന്ന ശാസ്ത്രജ്ഞന്‍റെ കഥാപാത്രത്തെയാണ് അക്ഷയ് കുമാർ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ചിത്രം വനിതാ ശാസ്ത്രജ്ഞർക്കുള്ള ആദരവ് ആണെന്ന് നേരത്തെ അക്ഷയ് കുമാർ വ്യക്തമാക്കിയിരുന്നു. അസാധ്യമെന്ന് എല്ലാവരും വിധിയെഴുതുന്ന ഒരു ലക്ഷ്യത്തിന് പിന്നിലുള്ള ഐഎസ്ആർഓ ശാസ്ത്രജ്ഞരുടെ യാത്രയും ഒടുവിൽ ചൊവ്വയിൽ വരെ എത്തുന്ന മിഷൻ മംഗളിന്‍റെ കഥയുമാണ് ചിത്രം പറയുന്നത്. ഉദ്വോഗജനകമായ നിരവധി നിമിഷങ്ങൾ ഉൾക്കൊള്ളിച്ചാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ജഗൻ സാക്ഷി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും സംയുക്തമായി ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ ദൗത്യത്തിന്‍റെ അവിശ്വസനീയമായ യഥാർത്ഥ കഥയെ തന്‍റെ മകൾ ഉൾപ്പെടുന്ന പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനാണ് ഈ ചിത്രം തിരഞ്ഞെടുത്തതെന്ന് അക്ഷയ് കുമാർ മുൻപ് ട്വിറ്റർ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു. 2013 നവംബർ അഞ്ചിനായിരുന്നു ഇന്ത്യയുടെ തന്നെ അഭിമാനമായ മിഷൻ മംഗൾ വിജയകരമായി സംപ്രേക്ഷണം ചെയ്യപ്പെട്ടത്. 2017 ജൂണിൽ ഉപഗ്രഹം അതിന്‍റെ ഭ്രമണപഥത്തിൽ 1000 ദിവസം പൂർത്തിയാക്കി. ഇപ്പോഴും ചൊവ്വയിൽ നിന്നുള്ള വിവരങ്ങൾ എത്തിച്ച് കൊണ്ടിരിക്കുന്ന മാർസ് ഓർബിറ്റർ മിഷൻ ഇന്ത്യയ്ക്ക് ഒന്നാകെ അഭിമാനകരമായ ബഹിരാകാശ മിഷനുകളിൽ ഒന്നാണ്.