ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം.' മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് അടുത്തിടെയായി ചിത്രം നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നീണ്ട വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ചിത്രം തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്.
തിയേറ്റര്‍ റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ മരക്കാറിലെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കുഞ്ഞാലിയുടെ വരവിനെ കുറിച്ച് നിര്‍മ്മാതാവും അഭിനേതാവുമായ ആന്‍റണി പെരുമ്പാവൂരിന്‍റെ കഥാപാത്രം പറയുന്ന രംഗമടങ്ങിയ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, സുഹാസിനി, സിദ്ദീഖ്, കീര്‍ത്തി സുരേഷ്, നെടുമുടി വേണു, ഫാസില്‍ തുടങ്ങി വന്‍ താരനിരയാണ് ടീസറില്‍ മിന്നിമറയുന്നത്. 1.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിലെ മനോഹരമായ പശ്ചാത്തല സംഗീതം പ്രേക്ഷകരുടെ കാതുകള്‍ക്ക് കുളിര്‍മയേകുന്നതാണ്.
ഡിസംബര്‍ രണ്ടിനാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. നേരത്തെ ചിത്രം ഡയറക്‌ട് ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തുമെന്നാണ് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നത്. മരക്കാര്‍ 90 കോടി രൂപയ്‌ക്കാണ് ആമസോണ്‍ എടുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ തിയേറ്റര്‍ റിലീസിനായി ആന്‍റണി പെരുമ്പാവൂര്‍ ചില നിബന്ധനകള്‍ മുന്നോട്ടു വെയ്‌ക്കുകയും ഉടമകള്‍ തയ്യാറാവാത്തതുമാണ് ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന തീരുമാനത്തിലെത്തിയിരുന്നത്.
എന്നാല്‍ മരക്കാര്‍ പ്രിവ്യു കണ്ടതിന് ശേഷം, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതാണ് നല്ലതെന്ന അഭിപ്രായം മുന്നോട്ടു വെച്ചതോടെ 'മരക്കാര്‍' തിയേറ്ററിലെത്തിക്കാന്‍ ആന്‍റണി പെരുമ്പാവൂറും തീരുമാനിക്കുകയായിരുന്നു. തിയേറ്റര്‍ ഉടമകളില്‍ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ വേണ്ടെന്ന് വെച്ചതായും എല്ലാവരെയും ഒരുമിപ്പിക്കുകയെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
Also Read: കുറുപ്പ് ഗംഭീരം! ആദ്യ പകുതി ആസ്വാദകരം, രണ്ടാം പകുതിയില്‍ സസ്‌പെന്‍സുകള്‍! പ്രേക്ഷകപ്രതികരണം പുറത്ത്