തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു താരത്തിനും സംഘത്തിനും നേരെ ആക്രമണശ്രമം ഉണ്ടായത്.
ബെംഗളൂരു മലയാളിയായ ജോണ്‍സണ്‍ എന്നയാളാണ് പിടിയിലായത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വെച്ചുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മദ്യപിച്ചെത്തിയ ജോണ്‍സണെ സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി.
അന്തരിച്ച പ്രമുഖ കന്നട സൂപ്പര്‍താരം പുനീത് രാജ്‌കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായിരുന്നു കഴിഞ്ഞ ദിവസം വിജയ് സേതുപതി ബെംഗളൂരുവില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്നും പുറത്തേയ്‌ക്ക് നടക്കുകയായിരുന്ന വിജയ് സേതുപതിയെ ജോണ്‍സണ്‍ ഓടിച്ചെന്ന് താരത്തിന്‍റെ പുറകില്‍ ചവിട്ടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിനിടെ താരം മുന്നോട്ട് ആഞ്ഞ് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.