മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ടക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണം. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വേറിട്ട പൊലീസ് വേഷമാണ് ചിത്രത്തിലെ സബ് ഇൻസ്പെക്ടർ മണികണ്ഠൻ എന്ന് പ്രക്ഷകർ ഒന്നടങ്കം പറയുന്നു.
'ഉണ്ട'ക്ക് മികച്ച പ്രേക്ഷക പ്രതികരണം
വളരെ റിയലിസ്റ്റിക്കായ സമീപനമാണ് ‘ഉണ്ട’യെ പതിവ് പൊലീസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
ചിത്രത്തിന്‍റെ വിജയം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന 'ഗാനഗന്ധര്‍വ്വന്‍' സിനിമയുടെ ലൊക്കേഷനില്‍ വച്ച് മമ്മൂട്ടി കേക്ക് മുറിച്ച് ആഘോഷിച്ചു. കേരളത്തില്‍ മാത്രം 161 തീയേറ്ററുകളിലാണ് ചിത്രം ഇന്നലെ പ്രദര്‍ശനത്തിനെത്തിയത്. ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘമായാണ് 'ഉണ്ട'യില്‍ മമ്മൂട്ടിയും സംഘവും എത്തുന്നത്. മമ്മൂട്ടിക്കൊപ്പം തന്നെ എടുത്ത് പറയേണ്ട പ്രകടനമാണ് ചിത്രത്തില്‍ യുവതാരങ്ങളായ അർജുൻ അശോകൻ, ഗ്രിഗറി, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും കാഴ്ച വച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പ്രശാന്ത് പിള്ളയുടെ ബാക്ക് ഗ്രൗണ്ട് സ്കോർ, സജിത്ത് പുരുഷന്‍റെ ഛായാഗ്രഹണം, നിഷാദ് യൂസഫിന്‍റെ എഡിറ്റിംഗ് തുടങ്ങി സാങ്കേതിക വശങ്ങളിലും ചിത്രം മികവ് പുലർത്തുന്നു.
ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം എട്ട് കോടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ബോക്സ്ഓഫീസില്‍ വിജയം നേടിയ 'അനുരാഗ കരിക്കിന്‍ വെള്ളം' ഒരുക്കിയ ഖാലിദ് റഹ്മാന്‍ ഒരുക്കിയ ചിത്രത്തിന്‍റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് ഹര്‍ഷാദാണ്.