ന്യൂഡല്‍ഹി: 66-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പട്ടികയില്‍ മികച്ച നടനുള്ള പുരസ്കാരം 'പേരൻപ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയെ തേടിയെത്തുമെന്നായിരുന്നു മലയാളികളുടെ പ്രതീക്ഷ. എന്നാല്‍ പേരൻപിനെക്കുറിച്ചോ മമ്മൂട്ടിയെക്കുറിച്ചോ യാതൊരുവിധ പരാമര്‍ശം പോലും ഉയര്‍ന്നില്ല. എന്ത് കൊണ്ട് പേരന്‍പിനെയും മമ്മൂട്ടിയേയും ഒഴിവാക്കിയെന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂറി അംഗവും സംവിധായകനുമായ മേജര്‍ രവി.
മമ്മൂട്ടിക്ക് അവാർഡ് ലഭിക്കാത്തതെന്ത്? മറുപടിയുമായി മേജർ രവി
വിവിധ ഭാഷകളിലായി 419 എന്‍ട്രികളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. അവസാനഘട്ടത്തില്‍ 85 ചിത്രങ്ങള്‍ ജൂറിയുടെ മുമ്പിലെത്തി. മലയാളത്തിന് ഇത്തവണ അഞ്ച് പുരസ്‌കാരങ്ങള്‍ ലഭിച്ചു.
'പേരന്‍പ് സിനിമ ഞാനും മറ്റ് ജൂറി അംഗങ്ങളും ഏറെ ശ്രദ്ധയോടെ വീക്ഷിച്ച ചിത്രമാണ്. എന്നാല്‍ രണ്ടാം പകുതിയില്‍ സിനിമ എവിടെയൊക്കെയോ വലിഞ്ഞുപോയിട്ടുണ്ട്. ആ ഇഴച്ചില്‍ മമ്മൂട്ടിയുടെ പ്രകടനത്തില്‍ നിന്നുള്ള ശ്രദ്ധ വ്യതിചലിപ്പിച്ചു. രണ്ടാംപാതിയില്‍ വലിച്ചിലുണ്ടെന്ന് പറഞ്ഞാണ് സിനിമ പിറകിലേക്ക് തള്ളിപ്പോകുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ പേര് അവസാന റൗണ്ടില്‍ വരെയുണ്ടായിരുന്നു. ഞാനും മമ്മൂട്ടിക്ക് വേണ്ടി ഏറെ വാദിച്ചിരുന്നു. മമ്മൂട്ടിയുടെ കാര്യത്തില്‍ കേവലം ഒരു പരാമര്‍ശമോ അവാര്‍ഡ് പങ്കിടലോ സാധിക്കില്ല. നല്‍കുകയാണെങ്കില്‍ മികച്ച നടനുള്ള പുരസ്‌കാരം തന്നെ കൊടുക്കേണ്ടി വരും', മേജര്‍ രവി പറഞ്ഞു.
'ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന ചിത്രത്തോട് പ്രത്യേക താല്‍പര്യം ഉണ്ടായിട്ടില്ല. ജൂറിയിലെ 10 പേരും 10 അഭിപ്രായമാണ് പറയുന്നത്. പലവട്ടം വഴക്കിട്ട് ഇറങ്ങി പോവേണ്ടി വന്നിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ചിത്രത്തിന് ലഭിച്ച വലിയ ജനപ്രീതിയാണ് അവാര്‍ഡിന് പരിഗണിക്കാന്‍ കാരണമായത്. കേന്ദ്രസര്‍ക്കാരിന്‍റെ രഹസ്യ അജണ്ഡ പുരസ്കാര നിർണയത്തില്‍ ഉണ്ടായിട്ടില്ല' എന്നും മേജർ രവി വ്യക്തമാക്കി.