മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലെ അവസാന പോസ്റ്ററും പുറത്തിറക്കി. സംവിധായകനായ പൃഥ്വിരാജും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന സർപ്രൈസ് ആണ് അണിയറപ്രവർത്തകർ അവസാന പേസ്റ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
സൈദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി 26 ദിവസങ്ങളിലായി 26 കഥാപാത്രങ്ങളുടെ പോസ്റ്റർ ലൂസിഫർ ടീം പുറത്തിറക്കിയിരുന്നു. എന്നാല്‍ മുമ്പ് പറയാത്ത ഒരു സർപ്രൈസ് കഥാപാത്രത്തെ കൂടി ഉടൻ പരിചയപ്പെടുത്തുമെന്ന് മോഹൻലാലും പൃഥ്വിരാജും ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
ഇരുപത്തിയേഴാമൻ ആരെന്ന ചർച്ചകൾ ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ പൊടിപൊടിക്കുകയായിരുന്നു. പൃഥ്വിരാജ് ആയിരിക്കാം ആ ഇരുപത്തിയേഴാമൻ എന്ന രീതിയിലായിരുന്നു കൂടുതല്‍ പേരുടെയും പ്രതികരണങ്ങൾ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ വാക്കുകൾ അത്തരത്തിലുള്ള സൂചനകൾ നൽകുന്നതായിരുന്നു. എന്നാണ് മോഹന്‍ലാലിനെയും പൃഥ്വിയെയും സ്ക്രീനില്‍ ഒരുമിച്ചു കാണാന്‍ കഴിയുക എന്ന ചോദ്യത്തിന് ‘അടുത്ത് തന്നെ, വളരെ അടുത്ത് തന്നെ അത് നടക്കട്ടെ എന്ന് പ്രാർത്ഥിക്കാം’ എന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി.