'ഈ മ യൗ'വിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ജെല്ലിക്കെട്ട്' ടൊറന്‍റെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നു. കണ്ടംപററി വേള്‍ഡ് സിനിമ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്.
ലിജോ ജോസിന്‍റെ 'ജെല്ലിക്കെട്ട്' ടൊറന്‍റോയിലേക്ക് - director lijo jose pellissery
സെപ്റ്റംബര്‍ 5 മുതല്‍ 15 വരെ നടക്കുന്ന മേളയില്‍ 108 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്
മലയാള സിനിമയിലെ പുതിയ ഉറച്ച ശബ്ദം എന്നാണ് ചലച്ചിത്രമേളയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിജോയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. എസ് ഹരീഷ് രചിച്ച 'മാവോയിസ്റ്റ്' എന്ന ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. വിനായകന്‍, ആന്‍റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍, അബ്ദു സമദ് തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് സംഗീതം.
ദിലീഷ് പോത്തന്‍റെ തൊണ്ടിമുതലും ദൃസ്സാക്ഷിയും, പിന്നെയും എന്നീ ചിത്രങ്ങളാണ് മുമ്പ് ടൊറന്‍റോ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മലയാള ചിത്രങ്ങൾ. ബോംബെ റോസ്, ദ സ്‌കൈ ഈസ് പിങ്ക് എന്നിവയാണ് ഇക്കുറി മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍.