കേരളം

kerala

ETV Bharat / sitara

സംഗീതത്തിലെ ലയമാധുര്യം ; ദക്ഷിണാമൂർത്തിയുടെ ഓർമകള്‍ക്ക് എട്ടാണ്ട്

ഗാനഗന്ധർവന്‍റെ പിതാവ് മുതൽ വിജയ്‌ യേശുദാസിന്‍റെ മകൾ വരെ, കുടുംബത്തിലെ നാല് തലമുറക്കൊപ്പവും പ്രവർത്തിച്ച് അപൂർവ അംഗീകാരവും അദ്ദേഹം നേടിയിട്ടുണ്ട്.

കർണാടക സംഗീതം സ്വാമി വാർത്ത  വി ദക്ഷിണാമൂർത്തി വാർത്ത  ദക്ഷിണാമൂർത്തി സംഗീതം വാർത്ത  സ്വാമി എട്ടാം ഓർമദിനം വാർത്ത  dakshinamoorthy eighth death anniversary news latest  dakshinamoorthy latest news  music composer v dakshinamoorthy news  yesudas dakshinamoorthy news  music director swami news
ദക്ഷിണാമൂർത്തി

By

Published : Aug 2, 2021, 1:34 PM IST

കർണാടക സംഗീതത്തിന്‍റെ കുലപതിയും അനശ്വര സംഗീതജ്ഞനുമാണ് വി. ദക്ഷിണാമൂർത്തി. ആറ് ദശകങ്ങൾ നീണ്ട സംഗീതസപര്യയിൽ നാല് തലമുറയ്‌ക്ക് സംഗീതാക്ഷരങ്ങൾ പകർന്നുനൽകിയ 'സ്വാമി'യുടെ എട്ടാം ഓർമദിനമാണിന്ന്.

സ്വാമി ഇല്ലായിരുന്നെങ്കിൽ യേശുദാസ് എന്ന ഗായകൻ ഉണ്ടാവില്ലായിരുന്നു എന്ന് ഗാനഗന്ധർവന്‍ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ദക്ഷിണാമൂർത്തി ഈണം രചിച്ച ഭൂരിഭാഗം ഗാനങ്ങളും പാടിയതും യേശുദാസാണ്.

ഗാനഗന്ധർവനെ മാത്രമല്ല, അദ്ദേഹത്തിന്‍റെ അച്ഛനും നടനും ഗായകനുമായ അഗസ്റ്റിൻ ജോസഫ്, മകൻ വിജയ് യേശുദാസ്, ചെറുമകൾ അമേയ എന്നിവരെക്കൊണ്ട് ഗാനം ആലപിച്ച് നാല് തലമുറയെയും സിനിമയ്‌ക്ക് പരിചയപ്പെടുത്തിയ അപൂർവ അംഗീകാരവും ദക്ഷിണാമൂർത്തിക്ക് സ്വന്തം.

1919 ഡിസംബർ ഒൻപതിന് ആലപ്പുഴയിൽ ഡി. വെങ്കടേശ്വര അയ്യരുടേയും പാർവതി അമ്മാളുടേയും മൂത്ത മകനായി ജനിച്ചു. 'സപ്‌തസ്വരങ്ങൾ പോലെ ഏഴുപേർ' അടങ്ങിയതായിരുന്നു ദക്ഷിണാമൂർത്തി ഉൾപ്പെടെയുള്ള മക്കൾ.

ചെറുപ്പകാലം മുതലുള്ള സംഗീതത്തിലെ അഭിരുചി തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്‍റെ അമ്മ സംഗീതത്തിന്‍റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ ത്യാഗരാജ സ്വാമിയുടെ കീർത്തനങ്ങൾ ഉൾപ്പെടെ അദ്ദേഹം നന്നേ ചെറുപ്പത്തിലേ സ്വായത്തമാക്കിയിരുന്നു.

എന്നാൽ അച്ഛന് അദ്ദേഹത്തെ പണ്ഡിതനാക്കാനായിരുന്നു ആഗ്രഹം. പന്ത്രണ്ടാം വയസിൽ അമ്പലപ്പുഴ ശ്രീകൃഷ്‌ണക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി, പിന്നീട് പത്താം ക്ലാസിൽ പഠനം നിർത്തി പൂർണമായി സംഗീതാഭ്യാസത്തിലേക്ക് തിരിഞ്ഞു.

Also Read: ആയിരത്തൊന്ന് രാവുകള്‍ പോലെ ഗായകാ നിര്‍ത്തരുതേ നിന്‍ ഗാനം... ഉമ്പായിയുടെ ഗസലോർമകളിൽ ഷഹബാസ് അമന്‍

അമ്മയ്‌ക്ക് ശേഷം ദക്ഷിണാമൂർത്തിയുടെ സംഗീതഗുരു ആയത് തിരുവനന്തപുരത്തുള്ള വെങ്കിടാചലം പോറ്റിയാണ്. ഇദ്ദേഹത്തിന് കീഴിൽ മൂന്ന് വർഷം സംഗീതം പഠിച്ച് കർണാടക സംഗീതത്തിൽ കൂടുതൽ വൈദഗ്‌ധ്യം നേടി.

1950 ജനുവരി 14ന് പുറത്തിറങ്ങിയ നല്ലതങ്ക എന്ന ചിത്രത്തിൽ യേശുദാസിന്‍റെ പിതാവ് അഗസ്റ്റിൻ ജോസഫ് ആലപിച്ച 'ജീവിതം ഈ വിധമോ' എന്ന് തുടങ്ങുന്ന ഗാനം... ദക്ഷിണാമൂർത്തി സ്വാമിയുടെ ആദ്യ ഗാനം കൂടിയാണിത്...

യേശുദാസിന്‍റെ അച്ഛനിൽ നിന്ന് തുടങ്ങിയ സംഗീതയാത്രയ്ക്ക് വിരാമമിട്ടത് യേശുദാസിലൂടെ കടന്ന് ഗാനഗന്ധർവന്‍റെ ചെറുമകളായ അമേയയിലൂടെയാണ്. വിജയ് യേശുദാസിന്‍റെ മകൾ അമേയ ആലപിച്ച രാമാ രവി കുല എന്ന ഗാനമായിരുന്നു സ്വാമി ഈണം പകർന്ന അവസാനത്തെ ഗാനം. 2008ലിറങ്ങിയ ശ്യാമരാഗം എന്ന ചിത്രത്തിലെ പാട്ടാണിത്.

നിത്യഹരിത ഈണങ്ങളും താളവും സമ്മാനിച്ച സംഗീതചക്രവർത്തിയുടെ പാട്ടുകളുടെ വരികൾക്ക് ആദ്യകാലത്ത് രചന നിർവഹിച്ചത് അഭയദേവും പിൽക്കാലത്ത് ശ്രീകുമാരൻ തമ്പിയുമായിരുന്നു. പിന്നീട് പി. ഭാസ്‌കരൻ, വയലാർ രാമവർമ, ഒ.എൻ.വി. കുറുപ്പ് തുടങ്ങിയ പ്രതിഭാധനര്‍ക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു.

പി. ലീല, പി. സുശീല, കല്യാണി മേനോൻ, ഇളയരാജ, വസന്തകോകിലം, മിഥുൻ ജയരാജ് തുടങ്ങിയവർ സ്വാമിയുടെ ശിഷ്യരാണ്. കൂടാതെ, എ.ആർ റഹ്മാന്‍റെ പിതാവ് ആർ.കെ.ശേഖർ ഏതാനും ചിത്രങ്ങളിൽ ദക്ഷിണാമൂർത്തിയുടെ സഹായിയായി പ്രവർത്തിച്ചിരുന്നു.

മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ജെ.സി ‍‍‍ഡാനിയേൽ പുരസ്‌കാരവും സ്വാതി തിരുനാൾ പുരസ്‌കാരവും സംഗീതകുലപതിയുടെ സംഭാവനകൾക്കുള്ള അംഗീകാരങ്ങളാണ്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലും ദക്ഷിണാമൂർത്തിയുടെ സംഗീതം പിറന്നിട്ടുണ്ട്. വാർധക്യസഹജമായ അസുഖങ്ങളും അവശതകളും പിന്തുടർന്നപ്പോഴും തന്‍റെ സംഗീതജീവിതത്തിൽ നിന്നും അദ്ദേഹം പിന്മാറിയിരുന്നില്ല. സംഗീതസംവിധാനത്തിൽ നിന്ന് വിരമിച്ചെങ്കിലും, ശാസ്‌ത്രീയ സംഗീതരംഗത്ത് ദക്ഷിണാമൂർത്തി സജീവസാന്നിധ്യമായി തുടർന്നു.

2013 ഓഗസ്റ്റ് രണ്ടിനാണ് ഈണങ്ങളുടെ ചക്രവർത്തി വിടവാങ്ങിയത്. ഉറക്കത്തിനിടെ ഉണ്ടായ ഹൃദയസ്‌തംഭനമായിരുന്നു മരണകാരണം. വൈക്കത്തപ്പന്‍റെ ഉപാസകനായിരുന്ന മഹാ സംഗീതജ്ഞന്‍റെ ഓർമയ്ക്കായി 2014 മുതൽ എല്ലാ വർഷവും വൈക്കത്തഷ്‌ടമിക്കാലത്ത് 'ദക്ഷിണാമൂർത്തി സംഗീതോത്സവം' നടത്തിവരുന്നുണ്ട്.

ABOUT THE AUTHOR

...view details