കേരളം

kerala

''ഒന്നനങ്ങി ചെയ്യടോ''; കുമ്പളങ്ങി നൈറ്റ്സ് വിശേഷങ്ങൾ പങ്കുവച്ച് ഫഹദും ടീമും

By

Published : Feb 6, 2019, 12:54 AM IST

Updated : Feb 6, 2019, 7:52 AM IST

പതിവില്‍ നിന്നും വ്യത്യസ്തമായി നെഗറ്റീവ് ടച്ചുള്ള കഥാപാത്രവുമായാണ് ഇത്തവണ ഫഹദ് എത്തുന്നത്. ഫെബ്രുവരി ഏഴിന് ചിത്രം റിലീസിനെത്തും.

കുമ്പളങ്ങി നൈറ്റ്സ് ടീം

ഫഹദ്- നസ്രിയ-ദിലീഷ് പോത്തൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'കുമ്പളങ്ങി നൈറ്റ്സ്' ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യാനിരിക്കെ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് താരങ്ങൾ. ചിത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താനും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനുമായിരുന്നു ഈ ഒത്തുചേരല്‍.

സംവിധായകൻ മധു സി നാരായണൻ, ഫഹദ് ഫാസില്‍, നസ്രിയ, സൗബിൻ ഷാഹിർ, സുഷിൻ ശ്യാം, ശ്യാം പുഷ്കർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി, അന്ന ബെൻ തുടങ്ങിയവർ ചിത്രീകരണ വേളയിലെ രസകരമായ നിമിഷങ്ങൾ പ്രേക്ഷകർക്കായി പങ്കുവച്ചു. 'ചിത്രം കണ്ട് കഴിഞ്ഞപ്പോൾ എല്ലാ അർത്ഥത്തിലും ഞങ്ങൾ സന്തുഷ്ടരാണ്'-ദിലീഷ് പോത്തൻ പറഞ്ഞു. സങ്കടപ്പെടുത്തുന്ന സിനിമയായാല്‍ കരയുന്ന കൂട്ടത്തിലാണ് താനെന്ന് പറഞ്ഞപ്പോൾ, പോത്തേട്ടൻ അല്ലെങ്കിലും ലോലനാണെന്നായിരുന്നു നസ്രിയയുടെ മറുപടി.

ഛായാഗ്രാഹകൻ ഷൈജു ഖാലിദിനെക്കുറിച്ചായിരുന്നു ഫഹദിന് പറയാനുണ്ടായിരുന്നത്. ‘ഷൈജുവിൽ നിന്നും പ്രശംസ കിട്ടുക വലിയപാടുള്ള കാര്യമാണ്. ഈ സിനിമയിലെ എന്‍റെ ആദ്യ ദിവസത്തെ ഷോട്ട് കഴിഞ്ഞു. ഇവർക്ക് അത് ഓക്കെ അല്ലെന്ന് എന്നോട് പറയാൻ ഒരുമടി. അപ്പോഴാണ് ക്യാമറയുടെ പുറകിൽ കൂടെ ഷൈജു ‘ഒന്നനങ്ങി ചെയ്യടോ’ എന്ന് പറയുന്നത്.

ആഷിക്ക് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ച മധു സി. നാരായണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുമ്പളങ്ങി നൈറ്റ്സ്'. ശ്യാം പുഷ്ക്കരൻ തന്നെയാണ് ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്. സുശിൻ ശ്യാം സംഗീതം നൽകുന്നു.
Last Updated : Feb 6, 2019, 7:52 AM IST

ABOUT THE AUTHOR

...view details