തിരുവനന്തപുരം: തിരുനെല്ലി കാരമാട് കോളനിയിലെ കാട്ടുനായ്ക്കർ വിഭാഗത്തിൽപ്പെട്ട കരിയൻ ആദ്യമായാണ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നത്. സിനിമയോടുള്ള കരിയന്‍റെ അടങ്ങാത്ത അഭിനിവേശം മനസിലാക്കിയ സുഹൃത്തുക്കളാണ് ചലച്ചിത്ര മേളയിൽ രജിസ്ട്രേഷൻ ലഭ്യമാക്കിയത്. തിരുനെല്ലിയിൽ നിന്നും കരിയന്‍റെ യാത്രകൾ മാനന്തവാടി വരെ മാത്രമായിരുന്നു. സിനിമയോടുള്ള അടങ്ങാത്ത മോഹമാണ് വല്ലപ്പോഴും മാത്രം പണം ലഭിക്കുമ്പോൾ അദ്ദേഹത്തെ മാനന്തവാടിയിലെ സിനിമാ കൊട്ടകകളിൽ എത്തിച്ചിരുന്നത്. കുറ്റ്യാടി സ്വദേശികളായ സിദ്ധാർത്ഥ്, ആദർശ് എന്നിവരാണ് കരിയന്‍റെ സിനിമയോടുള്ള ഇഷ്‌ടം മനസിലാക്കി രാജ്യാന്തര ചലച്ചിത്ര മേളയിൽ എത്തിച്ചത്. മേളയിൽ എത്തിയ കരിയൻ നഗരത്തിന്‍റെയും സിനിമയുടെ മായിക കാഴ്‌ചകളുടെ വിസ്‌മയത്തിലാണിപ്പോൾ.
രാജ്യാന്തര ചലച്ചിത്രമേള കാണാൻ ചുരമിറങ്ങി കാരമാടിന്‍റെ സ്വന്തം കരിയൻ
കുറ്റ്യാടി സ്വദേശികളായ സിദ്ധാർത്ഥ്, ആദർശ് എന്നിവരാണ് കരിയന്‍റെ സിനിമയോടുള്ള ഇഷ്‌ടം മനസിലാക്കി രാജ്യാന്തര ചലച്ചിത്ര മേളയിൽ എത്തിച്ചത്
മമ്മൂട്ടിയും മോഹൻലാലുമാണ് കരിയന്‍റെ ഇഷ്‌ടതാരങ്ങൾ. ഭാര്യ നേരത്തെ മരിച്ചു. മൂന്ന് പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയച്ചു. വാർധക്യത്തിൽ ഒറ്റക്കായ കരിയന്‍റെ വലിയൊരു മോഹം നടപ്പാക്കാനായതിന്‍റെ സന്തോഷത്തിലാണ് സുഹൃത്തുകൾ. സിനിമ കാണാൻ മാത്രമായി കരിയൻ നടത്തിയ യാത്രകളിൽ ഏറ്റവും ദൈർഘ്യമേറിയ യാത്രയാണിത്. അതുകൊണ്ടുതന്നെ പരമാവധി സിനിമകൾ കാണാനാണ് കരിയന്‍റെ ശ്രമം. തിരികെ കാരമാട് കോളനിയിലെത്തി കോളനിക്കാരെ പറഞ്ഞ് കേൾപ്പിക്കാൻ ആശ്ചര്യപ്പെടുത്തുന്ന ഒരു പിടി കഥകളുമായാകും കരിയന്‍റെ മടക്കം.