മികച്ച അഭിനേതാവും ഡാൻസറുമാണ് തമിഴ് താരം ജയം രവി. സന്തോഷ് സുബ്രഹ്മണ്യം, പേരാണ്‍മൈ, എം കുമരൻ സണ്‍ ഓഫ് മഹാലക്ഷ്മി, തനി ഒരുവൻ എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള അവാർഡും താരം സ്വന്തമാക്കിയിട്ടുണ്ട്. എന്നാലിപ്പോൾ ഈയടുത്ത് നടന്ന ഗലാട്ട അവാർഡ് വേദിയിൽ താരം ചെയ്ത ഡാൻസാണ് ഇപ്പോൾ വൈറലാകുന്നത്. മകൻ ആരവ് രവിക്കൊപ്പമാണ് താരം വേദിയിൽ ചുവടുവച്ചത്.
ജയം രവി നായകനായ 'ടിക് ടിക് ടിക്' എന്ന ചിത്രത്തിൽ രവിയുടെ മകൻ്റെ വേഷത്തിൽ ആരവ് എത്തിയിരുന്നു. ഇതിന് മികച്ച ബാലതാരത്തിനുള്ള ഗലാട്ട അവാർഡും ആരവ് സ്വന്തമാക്കി. അവാർഡ് ചടങ്ങിൽ മകന് പുരസ്കാരം നൽകിയതും ജയം രവിയാണ്. ഇതിന് പിന്നാലെയാണ് ഇരുവരും ചേർന്ന് വേദിയിൽ നൃത്തം വച്ചത്. ടിക് ടിക് ടിക്കിലെ 'കുറുമ്പാ കുറുമ്പാ' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. മികച്ച ഡാന്‍സറാണെങ്കിലും ആദ്യമായാണ് ഒരു വേദിയില്‍ മകനൊപ്പം ജയം രവി ഡാന്‍സ് ചെയ്യുന്നത്.